ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം: അമ്പലത്തറയിൽ സാമ്പത്തിക സമാഹരണം തുടങ്ങി

ആദ്യ തുക കൈമാറി പൂർവ്വ വിദ്യാർത്ഥികൾ

Aug 19, 2026 - 06:14
Aug 19, 2026 - 06:17
 0
ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം: അമ്പലത്തറയിൽ സാമ്പത്തിക സമാഹരണം തുടങ്ങി

അമ്പലത്തറ: 65-ാമത് ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടൈറ്റസ് തോമസ് സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 1974-ലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിന്ന് ആദ്യ തുക സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. തുടർന്ന് വിവിധ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും സംഘടനകളും വ്യക്തികളും കലോത്സവത്തിന്റെ വിജയത്തിനായി ഫണ്ടിലേക്ക് തുക കൈമാറി.

സാമ്പത്തിക കമ്മിറ്റി ചെയർമാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാടിക്കാൽ നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. വന്ദന, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാർ, കെ. സുനിത, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് രാജൻ മീങ്ങോത്ത്, പ്രവാസി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ഹാരിസ് സൈനുദ്ദീൻ പാറപ്പള്ളി, ഹെഡ്മാസ്റ്റർ പി. വി. രാജേഷ്, പി.ടി.എ പ്രസിഡന്റ് ജയകുമാർ, എസ്.എം.സി ചെയർമാൻ എൻ. മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ടി. കെ. പത്മജ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി വൈസ് ചെയർമാൻ കെ. വി. പ്രശാന്ത് സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ കെ. നിഷ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow