കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് അരങ്ങുണരും.
പടന്നക്കാട്: പടന്നക്കാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങൾ രാവിലെ 10ന് വേദി ഒന്ന് മിനി ഓഡിറ്റോറിയത്തിൽ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ്ബാബു അധ്യക്ഷനാവും. പ്രശസ്ത ശില്പി ഉണ്ണി കാനായി മുഖ്യാതിഥിയാകും. 6, 7, 8 തീയതികളിൽ നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 6ന് പകൽ 2 മണിക്ക് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗം വകുപ്പ് മന്ത്രി ഒ ആർ കേളു നിർഹിക്കും. സംഘാടക സമിതി ചെയർമാൻ വി വി രമേശൻ അധ്യക്ഷനാവും. പ്രകമ്പനം സിനിമയുടെ അഭിനേതാക്കളും അണിയിറ പ്രവർത്തകരും മുഖ്യാതിഥികളാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ജില്ലയിലെ എം എൽ എ മാർ, സർവകലാശാല വിസി, സിൻഡിക്കേറ്റ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അഞ്ച് ദിവസത്തെ കലോത്സവത്തിൽ 141 ഇനങ്ങളിൽ 3590 മത്സരാർഥികൾ പങ്കെടുക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളേജുകളിൽനിന്നുള്ള മത്സരാർഥികളാണ് കലോത്സവത്തിനെത്തുക. 11 വേദികളിലായാണ് മത്സരം. നെഹ്രു കോളേജിനു പുറമെ പടന്നക്കാട് കാർഷിക കോളേജ്, അലാമിപ്പള്ളി പുതിയ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ ഓരോ വേദി ഉണ്ടാവും. കോളേജിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനുമായ വി വി രമേശൻ, ജനറൽ കൺവീനർ കെ പ്രണവ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ അശോകൻ, കോളേജ് പ്രിൻസിപ്പൽ ഡോ: ടി ദിനേശ്, എ മോഹനൻ, എം ദിൽജിത്ത് എന്നിവർ സംബന്ധിച്ചു. കലോത്സവത്തിന്റെ വരവറിയിച്ച് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥ നടത്തി. പുതിയ കോട്ടയിൽ നിന്നും ആരംഭിച്ച് ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ: എ അശോകൻ, ഡി എസ് എസ് ഡോ: കെ വി സുജിത്, നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ: ടി ദിനേശ്, സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ്ബാബു, സെക്രട്ടറി കവിതാ കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം ദിൽജിത്ത്, ജോ: സെക്രട്ടറി കെ ആദിഷ, സംഘാടക സമിതി ജനറൽ കൺവീനർ കെ പ്രണവ് തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?