ബൈക്കപകടം; 17കാരന് ദാരുണാന്ത്യം
കാസർകോട്: പുതിയ സ്വപ്നങ്ങളുമായി പ്ലസ് ടു ക്ലാസിലേക്ക് കടക്കാനൊരുങ്ങിയ വിദ്യാർത്ഥിയുടെ ജീവിതം റോഡപകടത്തിൽ പൊലിഞ്ഞു. ഉളിയത്തടുക്ക ചൗക്കി റോഡിലെ ആസാദ് നഗറിൽ സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഷഹബാസ് അസർ (17) മരിച്ചത്. നെക്രാജെ സ്വദേശിയും ചാക്കി ആസാദ് നഗറിൽ താമസക്കാരനുമായ റഫീക്കിന്റെ ഏകമകനാണ് ഷഹബാസ്.
തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ സഹയാത്രികരെയും ബൈക്കിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേരെയും മംഗളൂരു, ഇന്ദിരാനഗർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിദ്യാനഗർ ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ ഷഹബാസ് പ്ലസ് വൺ പഠനം പൂർത്തിയാക്കി പ്ലസ് ടു ക്ലാസിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. പഠനത്തിലും സ്വഭാവത്തിലും മിടുക്കനായിരുന്ന ഷഹബാസിന്റെ അപ്രതീക്ഷിത വേർപാട് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മകന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി കഴിഞ്ഞിരുന്ന കുടുംബത്തിന് ഈ ദുരന്തം താങ്ങാനാവാത്ത വേദനയായി. അപകടവുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?