ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് ജൂൺ 30 മുതൽ; ആദ്യഘട്ടം അബുദാബി-ഫുജൈറ റൂട്ടിൽ

Jun 23, 2026 - 17:07
Jun 23, 2026 - 17:08
 0
ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് ജൂൺ 30 മുതൽ; ആദ്യഘട്ടം അബുദാബി-ഫുജൈറ റൂട്ടിൽ

അബുദാബി: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ഒന്നാംഘട്ട യാത്രാ ട്രെയിൻ സർവീസുകൾ ജൂൺ 30-ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ അബുദാബി, ഫുജൈറ സ്റ്റേഷനുകൾക്കിടയിലാണ് സർവീസ് നടത്തുക. യാത്രാ റെയിൽ ശൃംഖലയുടെ ഔദ്യോഗികമായ പൂർണ്ണതോതിലുള്ള ഉദ്ഘാടനം സെപ്റ്റംബർ 30-ന് നടക്കും.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആദ്യഘട്ടമായ അബുദാബി-ഫുജൈറ സർവീസിന്റെ യാത്രാസമയം 1 മണിക്കൂറും 45 മിനിറ്റുമായിരിക്കും. രണ്ടാംഘട്ടത്തിൽ ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ സെപ്റ്റംബർ 30-ന് തുറക്കും. അൽ ദഫ്ര റീജിയനിലെ സ്റ്റേഷനുകൾ ഡിസംബർ 30 മുതൽ പ്രവർത്തനം ആരംഭിക്കും. 2027 മാർച്ച് 30-ഓടെ ഷാർജ സ്റ്റേഷൻ വരെയും ട്രെയിൻ സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

പുതിയ അബുദാബി സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് ഖാലിദ്, സ്റ്റേഷനിലെ അത്യാധുനിക സൗകര്യങ്ങൾ, ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, പ്രവർത്തന സജ്ജീകരണങ്ങൾ എന്നിവ വിലയിരുത്തി. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ, സ്മാർട്ട് സൊല്യൂഷനുകൾ, സ്റ്റേഷന്റെ ഭാവി വികസന പദ്ധതികൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

അബുദാബി-ഫുജൈറ റൂട്ടിലെ ടിക്കറ്റ് നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു. കംഫർട്ട് ക്ലാസിന് 55 ദിർഹം മുതലും പ്രീമിയം ക്ലാസിന് 120 ദിർഹം മുതലുമാണ് നിരക്ക്. 400 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള 13 അത്യാധുനിക ട്രെയിനുകളടങ്ങിയ ഫ്ലീറ്റാണ് സർവീസിനായി സജ്ജീകരിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് ജൂൺ 23 മുതൽ ഇത്തിഹാദ് റെയിൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow