കണ്ണിന്ന് കുളിരു പകർന്ന് ദുബൈ ക്രീക്ക്.

മുത്തുകളുടെ വ്യവസായവും അഭിവൃദ്ധി പ്രാപിച്ച സ്ഥലവുമായ ക്രീക്കിനെ മുറിച്ചുകടക്കാൻ ഉപയോഗിക്കുന്ന ചെറു നൗകയാണ് അബ്ര, 'കടക്കുക' എന്നർത്ഥമുള്ള 'അബറ' എന്ന അറബി പദത്തിൽ നിന്നാണ് അബ്ര എന്ന പേരു വന്നതെന്ന് ഐതിഹ്യം.

Jan 27, 2025 - 20:50
Jan 27, 2025 - 20:42
 0
കണ്ണിന്ന് കുളിരു പകർന്ന് ദുബൈ  ക്രീക്ക്.
കണ്ണിന്ന് കുളിരു പകർന്ന് ദുബൈ  ക്രീക്ക്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബനിയാസ് ഗോത്ര വിഭാഗം താമസയോഗ്യമാക്കിയ പ്രദേശമാണ് ഇന്ന് നാം കാണുന്ന ദുബായ് ക്രീക്ക്. പുരാതന ഗ്രീക്കുകാർ 'സാറാ' നദിയെന്ന് വിളിച്ചു പോന്നിരുന്ന ഈ അരുവി ഇന്ന് ലോകമറിയുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. തെക്ക് ജുമൈറ ബീച്ചു മുതൽ വടക്ക് അൽ-ഷിന്ദഗ വരെ നീണ്ടു കിടക്കുന്നു. ഏഴോളം ആഴം വരുന്ന ഈ അരുവി മുറിച്ചുകടന്നാണ് തദ്ദേശീയരും, പ്രവാസികളും, സഞ്ചാരികളുമടങ്ങുന്ന യാത്രക്കാർ ദേര, ബർ-ദുബൈ യാത്ര സാധ്യമാകുന്നത്.

പ്രവാസികൾക്കെന്ന പോലെ ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെ യാത്ര ഒഴിച്ചുകൂടാനാവാത്ത യാത്രയാണ് ദേര, ബർ-ദുബൈ അബ്ര.

ദുബായുടെ തിരക്കേറിയ മാർക്കറ്റുകളിൽ നിന്ന് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ആളുകളെയും, സാധനങ്ങളെയും കൊണ്ടുപോകുന്നതിന് സ്ഥിരമായി അബ്രയായിരുന്നു ഉപയോഗിച്ചിരുന്നത്.പുരാതന അറേബ്യൻ ബോട്ടിൻ്റെ രൂപകല്പനയാണ്. ദേരയേയും,ബർ-ദുബൈ യേയും ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലമായ അൽ മക്തൂം പാലം 1963ലാണ് ക്രീക്കിന്ന് കുറുകെ നിർമ്മിച്ചത്. ജബൽ അലി തുറമുഖത്തിൻ്റെ വികസനത്തോടെ ക്രീക്കിൻ്റെ പ്രാധാന്യം കുറഞ്ഞുവെങ്കിലും ചെറു കപ്പലുകൾ നങ്കൂരമിടുന്ന ഒരു തുറമുഖം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി നഗരത്തിലെ വാണിജ്യ പാർപ്പിട പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ക്രീക്ക്. ദുബായ് ക്രീക്കിൻ്റെ ഇരുവശവും പഴയ രീതിയിലുള്ള മാർക്കറ്റുകൾ, പൈതൃക കെട്ടിടങ്ങൾ, മ്യൂസിയങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.

 ദുബായ് നഗരത്തിലെ ആദ്യത്തെ തുറമുഖവും, മുത്തുകളുടെ വ്യവസായവും അഭിവൃദ്ധി പ്രാപിച്ച സ്ഥലവുമായ ക്രീക്കിനെ മുറിച്ചുകടക്കാൻ ഉപയോഗിക്കുന്ന ചെറു നൗകയാണ് അബ്ര, 'കടക്കുക' എന്നർത്ഥമുള്ള 'അബർ' എന്ന അറബി പദത്തിൽ നിന്നാണ് അബ്ര എന്ന പേര് വന്നതെന്ന് ഐതിഹ്യം. ക്രീക്കിൻ്റെ ഒരു വശത്ത് ബർ-ദുബായിയും, മറുവശത്ത് ദേരയുമാണ്.

1587-ൽ വെനീഷ്യൻ മുത്ത് വ്യാപാരിയായ ഗ്യാസ്‌പെറോ ബാൽബി ഈ പ്രദേശം സന്ദർശിക്കുകയും ദുബായിലെ മുത്ത് വ്യവസായത്തെക്കുറിച്ച് എഴുതുകയും ചെയ്തുകൊണ്ട് ദുബായെക്കുറിച്ചുള്ള ആദ്യത്തെ റെക്കോർഡ് പരാമർശം ആരംഭിക്കുന്നു.

ക്രീക്കിൻ്റെ അരുക് ചേർന്ന് നിൽക്കുന്ന അംമ്പര ചുംബികളായ ചില്ലു സൗധങ്ങളിൽ തട്ടി സൂര്യനുണരുമ്പോൾ ദേര,ബർ-ദുബൈ റൂട്ടിലേക്കുള്ള അബ്രകൾ ഓളങ്ങളിൽ കിടന്ന് ഊഞ്ഞാലാടുന്നുണ്ടാകും. സുഗന്ധങ്ങൾ തൊട്ടുരുമ്മി പോകുന്ന യാത്രക്കാരിൽ നിശബ്ദത തളം കെട്ടി നിൽക്കുന്നുണ്ടാകുമപ്പോൾ.ഓളപരപ്പിൽ ഓടിക്കിതയ്ക്കുന്ന അബ്രയ്ക്കരികിൽ സഞ്ചാരികളോട് കിന്നാരം പറയാൻ കൊതിക്കുന്ന കടൽ കാക്കകൾ തലക്കു മീതെ വട്ടമിട്ടു പറക്കുന്നത് കൗതുക കാഴ്ചയാകുന്നു. ചുറ്റിലുമിരുന്ന്, ചുറ്റുപാടുകൾ കണ്ടുള്ള ദുബൈയുടെ കാഴ്ച കണ്ണിന്ന് കുളിരുപകരും. നിയോണിൻ്റെ നിശ്ചല ദൃശ്യത്തെ ഓളങ്ങൾ തീർത്ത് ചലിപ്പിക്കുന്ന ആഢംബര ബോട്ടുകൾ രാത്രിയെ കലാവിരുന്നു കൊണ്ട് കോരിത്തരിപ്പിക്കുന്നു. രാത്രി ഏഴു മണി മുതൽ ഒരാൾക്ക് അമ്പത് ദിർഹം നിരക്കിൽ ഇത് പ്രയോജനപ്പെടുത്താം.ദേര, ബർ-ദുബൈയാണ് അബ്രയുടെ പ്രധാന സഞ്ചാര പഥം.രാവിലെ ആറു മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെയും, ചില സ്റ്റേഷനുകളിൽ ഇരുപത്തിനാല് മണിക്കൂറും അബ്രയുടെ സേവനം ലഭിക്കുന്നു. തുടക്കത്തിൽ ഇരുപത്തഞ്ച് ഫിൽസും, പിന്നീട് അമ്പത് ഫിൽസ് നിരക്കിലും തുടങ്ങിയ അബ്രയുടെ സേവനത്തിന്ന് ഇന്ന് ഒരാൾക്ക് ഒരു ദിർഹമെന്ന നിലയിലാണ് ഈടാക്കുന്നത്. ദുബൈ ആർ.ടി.എ യുടെ നിയന്ത്രണത്തിലുള്ള നൂറ്റമ്പതോളം അബ്രകൾ ഇവിടെ യാത്രക്കാർക്കായി ഓടിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കൻ തേക്കുമരം കൊണ്ട് നിർമ്മിച്ച പുതിയ അബ്രയ്ക്ക് 35 അടി നീളവും, 10.5 അടി വീതിയുമുണ്ട്. പഴയ അബ്രകളുടെ 30 എച്ച്.പി. ഡീസൽ എൻഞ്ചിനെ അപേക്ഷിച്ച് 78 എച്ച്.പി. ഡീസൽ എഞ്ചിനാണ് പുതിയതിനുളളത്. കേരളത്തിന്ന് അഭിമാനമായി ബേപ്പൂരിൽ നിർമ്മിച്ച ഏക അബ്രയും ക്രീക്കിലുണ്ട്. ലൈസൻസ് നമ്പർ പതിനെട്ടായി റജിസ്ട്രേഷൻ ചെയ്ത ഇത് ഇവിടെ മുടങ്ങാതെ സേവനം ചെയ്യുന്നു. ആരംഭകാലത്ത് മലയാളികളായിരുന്നു കൂടുതലും അബ്രയുടെ 'ചുക്കാൻ' പിടിച്ചിരുന്നത്. ഇന്ന് ഈ മേഖലയിൽ മലയാളികളായിട്ടുള്ളത് എടപ്പാൾ സ്വദേശികളായ അലിയും, അനുജൻ അബൂബക്കറും, മാത്രമാണ്. ബാക്കിയുള്ളവരൊക്കെ ഇറാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളാണ്. എട്ടുപേർക്കിരിന്നു യാത്ര ചെയ്യാൻ പറ്റിയ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്കൽ അബ്രയുടെ സേവനവും ക്രീക്കിൽ പരീക്ഷിച്ചു നോക്കിയെങ്കിലും ഇപ്പോളത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.പ്രതിവർഷം പതിനാല് ദശലക്ഷം സഞ്ചാരികൾക്ക് സേവനം നൽകുന്ന ദുബൈ ആർ.ടി.എ. 2025 ഓടെ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളുടെ എണ്ണം 59 ആയി ഉയർത്താനും, 26 മറൈൻ ട്രാൻസ്പോർട്ട് മോഡുകൾ നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കുടുംബവുമൊത്തോ, സംഘമായോ ക്രീക്ക് ചുറ്റിക്കറങ്ങുന്നവർക്കായി മണിക്കൂറിന്ന് നൂറ്റി ഇരുപത് ദിർഹത്തിന്ന് അബ്രകൾ വാടകയ്ക്ക് ലഭിക്കും എന്നതും ഇവിടെത്തെ പ്രത്യേകതയാണ്. ദുബൈ ക്രീക്ക് മുറിച്ചുകടക്കാൻ സാധാരണക്കാരന് പറ്റിയ ഏറ്റവും എളുപ്പവും, ചിലവു ചുരുങ്ങിയതുമായ മാർഗ്ഗമാണ് അബ്ര. ഓൾഡ് സൂഖ്, ബർദുബായി, അൽ-സബക്ക, ബനിയാസ് സ്ക്വയർ തുടങ്ങി നാലുസ്റ്റേഷനുകളിലായി ദിവസം മുഴുവനും പ്രവർത്തിക്കുന്ന അബ്രയിൽ തദ്ദേശീയരും, പ്രവാസികളും, മാത്രമല്ല വിനോദസഞ്ചാരികളുടെ തിക്കും, തിരക്കും കാരണം അബ്രയും, സമീപ പ്രദേശങ്ങളും തിരക്കിൽ മുങ്ങിക്കുളിക്കുന്നു.

1960-തിലും, എഴുപതിലും രണ്ടു പ്രാവശ്യം ആഴം വർദ്ധിപ്പിച്ച ക്രീക്കിനെ 2007-ൽ നൂറ്റിമുപ്പത്തിരണ്ട് ഡോളർ ചിലവഴിച്ചിട്ടാണ് വിപുലീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായി മാറാൻ പോകുന്ന ദുബായ് ക്രീക്ക് ടവറായിരിക്കും ഈ പദ്ധതിയുടെ കേന്ദ്ര ബിന്ദു. 2025-ൽ ഇതിൻ്റെ പണി പൂർത്തിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ബുർജ് ഖലീഫയും, ജിദ്ദ ടവറിനെയും പിൻതള്ളിപ്പണിയുന്ന ക്രീക്ക് ടവറിൻ്റെ വ്യക്തമായ ഉയരം ഇനിയും പുറത്തു വിട്ടിട്ടില്ല.ഇതിന്നടുത്ത് തന്നെയാണ് ജദ്ദാഫിൽ മുഹമ്മത് ബിൻ റാഷിദ് ലൈബ്രറിയും സ്ഥാപിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow