കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി
കണ്ണൂർ സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ശരണ്യ (36)യെയാണ് കാണാതായത്
മടിക്കേരി: കർണാടകയിലെ കുടകിൽ നിന്ന് ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ശരണ്യ (36)യെയാണ് കാണാതായത്. നാപോക്ലുവിനടുത്തുള്ള യാവകപടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 'തടിയൻ്റമോളി' ലേയ്ക്ക് ഒറ്റയ്ക്ക് ട്രക്കിങ് ചെയ്യുന്നതിനിടെയാണ് കാണാതായത്.
ഒരു ട്രെക്ക് റൂട്ടിലേക്ക് യുവതി പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെങ്കിലും പുറത്തേക്ക് വരുന്നത് ഇതുവരെ കണ്ടിട്ടില്ല. കാണാതാകുന്നതിന് മുമ്പ് അവർ ഒരു ഫോൺ കോൾ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായതിനാല് വനം ഉദ്യോഗസ്ഥർ ശരണ്യയോട് പത്തോളം വരുന്ന ട്രെക്കിങ് സംഘത്തോടൊപ്പം ചേരാൻ ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യയ്ക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
താൻ വഴിതെറ്റിപ്പോയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാപോക്ലു പൊലീസ് സ്റ്റേഷനിൽ ഒരു ഫോറസ്റ്റ് ഓഫീസർ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് പ്രകാരം അവരുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ, നമ്പർ "കവറേജ് ഏരിയയ്ക്ക് പുറത്താണ്" എന്ന് മലയാളത്തിൽ സന്ദേശം ലഭിച്ചിരുന്നു. ജീവനക്കാർ ഉടൻ തന്നെ ഇക്കാര്യം അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ചു, തുടർന്ന് അവർ പോലീസിനെ അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 60 പേരുടെ സാന്നിധ്യത്തിൽ രണ്ട് ദിവസം വിപുലമായ തെരച്ചിൽ നടത്തിയിട്ടും ഇതുവരെ യുവതിയെ കണ്ടെത്താനായില്ല. വനത്തിലും ഇതര പാതകളിലും പാതയ്ക്ക് സമീപമുള്ള ഉൾപ്രദേശങ്ങളിലും അധികൃതർ തെരച്ചിൽ നടത്തുകയാണ്. ശരണ്യയുടെ സഹോദരൻ ശ്യാം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡ്രോണുകളേയും നായകളേയും വിന്യസിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
"മിക്ക ട്രെക്കിങുകാരും രാവിലെ 6.30 ഓടെ ആരംഭിച്ച് മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയത്തിനുള്ളിൽ ട്രെയിൽ പൂർത്തിയാക്കും. വിനോദസഞ്ചാരികൾക്കോ ആദ്യമായി എത്തുന്നവർക്കോ സാധാരണയായി ആറ് മണിക്കൂർ എടുക്കും. ശരണ്യ രാവിലെ 8.15 ന് ട്രെക്ക് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്, എന്നാൽ സംഘം വൈകുന്നേരം 4 മണിക്ക് തിരിച്ചെത്തിയപ്പോൾ അവർ കൂടെ ഉണ്ടായിരുന്നില്ല" തടിയൻ്റമോളിൽ പത്ത് തവണയിൽ കൂടുതൽ ട്രക്കിങ് നടത്തിയ കാൾ കരിയപ്പ പറഞ്ഞു.
What's Your Reaction?