വിമാനം ചതിച്ചു; വോട്ടു നഷ്ടപ്പെട്ട നിരാശയിൽ മടിക്കൈയിലെ പ്രവാസി യുവാവ്
മടിക്കൈ: ആറ്റുനോറ്റു കിട്ടിയ അവധിക്ക് വോട്ടു ചെയ്യാൻ പുറപ്പെട്ട പ്രവാസി യുവാവിന്ന് വിമാന സമയത്തിൽ വന്ന മാറ്റം നിരാശയും, ദുഃഖവും സമ്മാനിച്ചു. മടിക്കൈ മുണ്ടോട്ടെ അബ്ദുൾ റഷീദിന്നാണ് വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്വമില്ലായ്മ മൂലം സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്നു വേണ്ടി ഒരു വോട്ട് രേഖപ്പെടുത്തണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടനെത്തന്നെ റഷീദ് ഏപ്രിൽ ഏഴാം തിയ്യതിയിലേക്ക് അബുദാബിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ യാത്രയുടെ സമയമാറ്റത്തിൽ വന്ന അറിയിപ്പ് റഷീദിനെ അറിയിക്കുന്നതിൽ എയർലൈൻസ് വിഭാഗത്തിന്ന് വീഴ്ച വന്നതായി റഷീദ് പറയുന്നു. പിന്നീട് ഒമ്പതാം തിയ്യതി ഉച്ചയ്ക്ക് കോഴിക്കോട് എത്തി ട്രെയിനിൽ നീലേശ്വരത്തിറങ്ങി പൂത്തക്കാലിലെ തന്റെ 51-ാം നമ്പർ ബൂത്തിലെത്തുമ്പോഴേയ്ക്കും പത്ത് മിനിറ്റ് വൈകി പോയിരുന്നു. വോട്ടിന്റെ മൂല്യത്തോടൊപ്പം, സമയത്തിന്റെ വിലയും മനസ്സിലാക്കാൻ പറ്റിയെന്ന് റഷീദ് പറയുമ്പോഴും മുഖത്തെ നിരാശ അപ്പോഴും നിഴലിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു.
What's Your Reaction?