തളങ്കര കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ; മുഴുവൻ പ്രതികളും പിടിയിൽ
കാസർകോട്: തളങ്കര കടവത്തെ കെട്ടിടത്തിനകത്ത് യുവാവിനെ തോർത്തുമുണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
ബംഗളൂരുവിൽ കൊള്ളയടി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കർണാടക സ്വദേശി അഫ്രിദ് ഖാൻ (24), കൂട്ടാളികളായ വിനോദ് രാജാറാം കാംബ്ലെ (36), അമൃത് ബോളി ഷെട്ടി (33) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
കർണാടകയിലെ ദാവണഗരെ സ്വദേശിയായ നജീമുള്ളയാണ് കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബംഗളൂരുവിൽവെച്ചാണ് നജീമുള്ള മറ്റ് മൂന്നുപേരുമായി പരിചയത്തിലായത്. തുടർന്ന് ഈ മാസം ആദ്യം സംഘം തളങ്കരയിലെത്തി കടവത്തെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വാടകമുറിയെടുത്തു. രണ്ടുദിവസം മത്സ്യബന്ധന ജോലിക്ക് പോയ സംഘം രാത്രിയിൽ മുറിയിൽവെച്ച് മദ്യപിച്ചു. ഇതിനിടെയുണ്ടായ പണമിടപാട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകത്തിനുശേഷം സംഘം മുറി പുറത്തുനിന്ന് പൂട്ടി സ്ഥലംവിട്ടു. മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
കൊലയാളികളെയും കൊല്ലപ്പെട്ടയാളെയും തിരിച്ചറിയാനുള്ള തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സംഘം കാസർകോട് വിട്ടത്. സംഘം നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാത്രമായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ച പ്രധാന സൂചന.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ആദ്യം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെ പ്രതികളെയും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
What's Your Reaction?