അബുദാബിയിൽ മരിച്ച അബ്ദുറഹീം ബദവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Oct 22, 2026 - 06:20
Oct 22, 2026 - 06:26
 0
അബുദാബിയിൽ മരിച്ച അബ്ദുറഹീം ബദവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അബുദാബി: ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായ കാസർകോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗർ സ്വദേശി അബ്ദുറഹീം ബദവി (38)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8.30ന് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന മൃതദേഹം കേരള മുസ്‌ലിം ജമാഅത്ത് ഏർപ്പെടുത്തിയ ആംബുലൻസിൽ ജാമിഅ സഅദിയയിലേക്ക് കൊണ്ടുപോകും. അവിടെ നമസ്കാരത്തിനു ശേഷം സ്വദേശമായ പെരിയയിലേക്ക് കൊണ്ടുപോകും.

അബുദാബിയിലെ ഡെസേർട്ട് ഹെയർ ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്ന അബ്ദുറഹീം ബദവി നാലുമാസം മുമ്പാണ് ജോലി ആവശ്യാർഥം അബുദാബിയിലെത്തിയത്. പ്രവാസജീവിതം ആരംഭിക്കുന്നതിന് മുമ്പ് കാസർകോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മദ്രസാ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. എസ്.വൈ.എസ് പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മയ്യത്ത് നമസ്കാരം ഇന്നലെ രാത്രി എട്ടിന് അബുദാബി മോർച്ചറിക്ക് സമീപത്തെ പള്ളിയിൽ നടന്നു. ചെള്ളങ്കയം അബ്ദുറഹ്മാൻ മുസ്‌ലിയാർ നമസ്കാരത്തിന് നേതൃത്വം നൽകി. സഹദ് സഅദി മാണിയൂർ പ്രാർത്ഥന നിർവഹിച്ചു. ഐ.സി.എഫ് പ്രതിനിധികളായ അബ്ദുസ്സലാം, ശാമിൽ ഇർഫാനി കുനിയിൽ, മുസ്തഫ ഹാജി ബനിയാസ്, മുനീർ പൂച്ചക്കാട്, ഓസ്കാർ കരീം, മുഹമ്മദ് ചേറൂർ തുടങ്ങിയവർ സംബന്ധിച്ചു.

പി.കെ.മുഹമ്മദിന്റെയും, ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കൾ: ഫാത്തിമ റസാന, ഖദീജ റഫീന, മറിയം റൂഹാ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: മുജീബ്, ആരിഫ, റിയാന.

ഐ.സി.എഫ് വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow