ദുബായ് മാരത്തൺ നാളെ രാവിലെ ആറു മണി മുതൽ, ഉച്ചയ്ക്ക് ഒരു മണി വരെ. ഗതാഗത നിയന്ത്രണമേർപ്പെടുത്തി ആർ.ടി.എ.
ദുബായ് മാരത്തണ്‍ നടക്കുന്ന സമയത്ത് സുഗമമായ യാത്ര ഉറപ്പാക്കാന്‍ എല്ലാവരും തങ്ങളുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി താമസക്കാരോടും, സന്ദര്‍ശകരോടും ആഹ്വാനം ചെയ്തു.
ദുബായ്: ലോകത്തിൻ്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത അത്‌ലെറ്റുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് താരങ്ങള്‍ പങ്കെടുക്കുന്ന ദുബായ് മാരത്തണ്‍ നാളെ ജനുവരി 12 ഞായറാഴ്ച രാവിലെ ആറു മണി മുതല്‍ ഉച്ച ഒരു മണി വരെ നടക്കും. ദുബായ് നഗരത്തിൻ്റെ അഭിമാനകരമായ കായിക ഇനങ്ങളില്‍ ഒന്നായി മാരത്തൺ ഇതിനോടകം മാറിയിട്ടുണ്ട്.
ദുബായ് മാരത്തണ്‍ 2025-നോടനുബന്ധിച്ച് റോഡ് അടച്ചിടലും മറ്റ് ഗതാഗത നിയന്ത്രണവും ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു. ഫുള്‍ മാരത്തണിനു പുറമെ, 10 കിലോമീറ്റര്‍, 4 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം മത്സര വിഭാഗങ്ങളുള്ള ദുബായ് മാരത്തണിലെ വിജയികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. ദുബായ് മാരത്തണ്‍ നടക്കുന്ന സമയത്ത് സുഗമമായ യാത്ര ഉറപ്പാക്കാന്‍ എല്ലാവരും തങ്ങളുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി താമസക്കാരോടും, സന്ദര്‍ശകരോടും ആഹ്വാനം ചെയ്തു.
മാരത്തണിന് മുന്നോടിയായി ജനുവരി 12 ന് അർധരാത്രി മുതല്‍ അല്‍ വാസല്‍ സ്ട്രീറ്റിനും ജുമൈറ സ്ട്രീറ്റിനും ഇടയിലുള്ള ഉമ്മു സുഖീം സ്ട്രീറ്റിൻ്റെ ഒരു ഭാഗത്ത് ഗതാഗതം നിരോധിക്കും. മാരത്തണ്‍ നടക്കുന്ന ജുമൈറ സ്ട്രീറ്റിലും കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിലും നിയുക്ത വാഹന ക്രോസിങ് പോയിൻ്റുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. കൂടാതെ, ദുബായ് പോലീസുമായി ഏകോപിപ്പിച്ച് എലൈറ്റ് ഓട്ടക്കാര്‍ കടന്നുപോയാല്‍ രണ്ട് തെരുവുകളിലെയും ഒരു പാത ഗതാഗതത്തിനായി തുറന്നുനല്‍കും.
What's Your Reaction?