കെ.ആർ.സി. തായന്നൂരിന്റെ ‘വർണ്ണയാത്ര’ പൂനെയിൽ; നൂറോളം മ്യൂറൽ ചിത്രങ്ങൾ പ്രദർശനത്തിന്

Sep 28, 2026 - 17:17
 0
കെ.ആർ.സി. തായന്നൂരിന്റെ ‘വർണ്ണയാത്ര’ പൂനെയിൽ; നൂറോളം മ്യൂറൽ ചിത്രങ്ങൾ പ്രദർശനത്തിന്

പൂനെ: പ്രശസ്ത മ്യൂറൽ ചിത്രകാരൻ കെ.ആർ.സി. തായന്നൂരിന്റെ പത്താമത് ഏകാംഗ ചിത്രപ്രദർശനം ‘വർണ്ണയാത്ര’ നാളെ പൂനെയിൽ ആരംഭിക്കും. ശിവാജിനഗർ റോഡിലെ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാല് വരെയാണ് പ്രദർശനം.

കോടോം-ബേളൂർ പഞ്ചായത്തിലെ തായന്നൂരിൽ അദ്ദേഹം സ്ഥാപിച്ച ആകൃതി സ്കൂൾ ഓഫ് ആർട്സിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

500 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ വിവിധ ക്യാൻവാസുകളിലായി നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലെ ക്ഷേത്രഭിത്തികളിൽ കാണുന്ന പരമ്പരാഗത മ്യൂറൽ ശൈലിയിലുള്ളവയാണ്. രാധാമാധവം, കേരളീയം, ഗീതോപദേശം, അനന്തശയനം തുടങ്ങിയ പരിചിത വിഷയങ്ങൾക്കൊപ്പം ‘അന്ത്യ അത്താഴം’ പോലുള്ള വിഷയങ്ങളും മ്യൂറൽ ശൈലിയിൽ കെ.ആർ.സി ആവിഷ്കരിച്ചിട്ടുണ്ട്.

ചിത്രകാരനെന്ന നിലയ്ക്ക് പുറമെ ശില്പി, അഭിനേതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലും കെ.ആർ.സി. തായന്നൂർ ശ്രദ്ധേയനാണ്. നിരവധി ശില്പങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. തായന്നൂരിൽ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ അർധകായ പ്രതിമയും ഏറെ ശ്രദ്ധ നേടിയിരുന്നു. 2021ലെ ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിന് രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചടങ്ങിൽ മലയാള ഭാഷാ സാംസ്കാരിക പ്രചാരണസംഘം ചെയർമാൻ ടി.വി. ഭാസ്കരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. അയോക്കി ഫാബ്രിക്കോൺ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. ഗണേഷ് കുമാർ, സതീഷ് ഭാസ്കർ, റാവു കുൽക്കർണി, ജഗദീഷ് തനാജി കുംഭാർ എന്നിവർ വിശിഷ്ടാതിഥികളാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow