യുഎഇയിൽ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു

12 കേന്ദ്രങ്ങൾ ഇനി പ്രവർത്തിക്കും; അടിയന്തര പാസ്‌പോർട്ട് അപേക്ഷകൾക്ക് ഇളവ്

Oct 22, 2026 - 06:00
 0
യുഎഇയിൽ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു

അബുദാബി: യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ (ICAC) പ്രവർത്തനം ഒക്ടോബർ 22 മുതൽ നിർത്തലാക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 16ൽ നിന്ന് 12 ആയി കുറയും. ഭരണപരമായ കാരണങ്ങളാലാണ് നടപടിയെന്ന് എംബസി വ്യക്തമാക്കി.

മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്–1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് വ്യാഴാഴ്ച മുതൽ അടച്ചുപൂട്ടുന്നത്. പാസ്‌പോർട്ട്, വിസ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് മുഖേന ഔട്ട്‌സോഴ്‌സ് ചെയ്തതിന്റെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്.

അൽ ദാന, അൽ ഐൻ, മദീനത്ത് സായിദ്, അൽ ദഫ്റ, ഗയാത്തി, ബർ ദുബായ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പ്രവർത്തനം തുടരും.

രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ

പ്രവർത്തനം തുടരുന്ന കേന്ദ്രങ്ങൾ രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കും. നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകർക്ക് കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. ബർ ദുബായ് കേന്ദ്രത്തിൽ 45 കൗണ്ടറുകളുള്ളതിനാൽ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ തത്കാൽ പാസ്‌പോർട്ട് അപേക്ഷകൾ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (EC) അപേക്ഷകൾ, 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാരുടെ അപേക്ഷകൾ എന്നിവ എല്ലാ ICAC കേന്ദ്രങ്ങളിലും നേരിട്ടെത്തി സമർപ്പിക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സേവനം ലഭിക്കുക.

പാസ്‌പോർട്ട് നിരക്കുകൾ വർധിപ്പിച്ചു

2012ന് ശേഷം ആദ്യമായി യുഎഇയിലെ പാസ്‌പോർട്ട് സേവന നിരക്കുകൾ ഇന്ത്യാ സർക്കാർ ജൂലൈ ഒന്നുമുതൽ വർധിപ്പിച്ചിരുന്നു. 36 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി ഉയർത്തി. 36 പേജുള്ള തത്കാൽ പാസ്‌പോർട്ട് പുതുക്കാൻ 900 ദിർഹവും 60 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 630 ദിർഹവും തത്കാൽ പാസ്‌പോർട്ടിന് 1,080 ദിർഹവുമാണ് നിരക്ക്.

സർക്കാർ നിശ്ചയിച്ച ഫീസിന് പുറമെ 19 ദിർഹം അധികമായി ഈടാക്കുമെന്ന് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് നേരത്തേ അറിയിച്ചിരുന്നു. ഫോട്ടോകോപ്പി, ഫോട്ടോഗ്രഫി തുടങ്ങിയ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow