വേദനകൾക്കിടയിലും കാരുണ്യത്തിന്റെ കൈ നീട്ടി വിദ്യ ടീച്ചർ

എ.കെ.സി. മടിക്കൈ

Oct 5, 2026 - 15:40
 0
വേദനകൾക്കിടയിലും കാരുണ്യത്തിന്റെ കൈ നീട്ടി വിദ്യ ടീച്ചർ

തായന്നൂർ: സ്വന്തം ജീവിതത്തിലെ വേദനകളെ മറികടന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുന്ന ഒരാളുണ്ടിവിടെ. എണ്ണപ്പാറയിലെ കാട്ടൂർ തമ്പാൻ നായർ-ലക്ഷ്മി തമ്പാൻ ദമ്പതികളുടെ മകളും, പാത്തിക്കര സ്വദേശി കെ. അശോകന്റെ ഭാര്യയുമായ വിദ്യ ടീച്ചർ. കോടോം-ബേളൂർ പഞ്ചായത്തിലെ പനങ്ങാട് സരസ്വതി എ.എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി താൽക്കാലിക അധ്യാപികയായ വിദ്യ ടീച്ചറുടെ പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നുകഴിഞ്ഞു. പരിമിതമായ വരുമാനത്തിനുള്ളിൽ നിന്ന് നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന ടീച്ചർ ഇന്ന് സഹജീവനത്തിന്റെ മാതൃക കൂടിയാണ്.

പതിനഞ്ച് വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ കുട്ടികളുമായി ഇഴുകിച്ചേർന്നാണ് വിദ്യ ടീച്ചർ മുന്നോട്ടുപോകുന്നത്. പാഠപുസ്തകത്തിലെ അറിവുകൾ പകർന്നുനൽകുന്നതിനൊപ്പം ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കാനും പ്രോത്സാഹിപ്പിക്കാനും ടീച്ചർ പ്രത്യേകം ശ്രദ്ധിക്കുന്നു.

അധ്യാപിക എന്ന നിലയിലെ മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പരിഗണിച്ച് 2022-ൽ ഗ്ലോബൽ എഡുക്കേഷൻ അവാർഡും, ലീഡ് ഡിജിറ്റൽ ടീച്ചർ അവാർഡും വിദ്യ ടീച്ചർക്ക് ലഭിച്ചു. എന്നാൽ പുരസ്കാരങ്ങളേക്കാൾ വലുതാണ് വിദ്യാർത്ഥികൾക്കിടയിൽ ടീച്ചർ നടത്തിയ ഇടപെടലുകളുടെ വ്യാപ്തി.

പഠനം മുടങ്ങാതിരിക്കാൻ 24 ടെലിവിഷനും ആറ് സ്മാർട്ട് ഫോണും.

കൊറോണ മഹാമാരി വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാക്കിയ കാലത്ത് പഠനം മുടങ്ങാതിരിക്കാൻ സുമനസ്സുകളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി 24 ടെലിവിഷനുകളും ആറ് സ്മാർട്ട് ഫോണുകളും എത്തിച്ചുനൽകിയത് വിദ്യ ടീച്ചറുടെ സേവന മനസ്സിന്റെ ഉദാഹരണമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് സ്വന്തം നിലയിൽ നടത്തിയ ഇടപെടലായിരുന്നു അത്.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശമായതിനാൽ തന്നെ പനങ്ങാട് സരസ്വതി എ.എൽ.പി. സ്കൂളിലെ കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ അടുത്തറിയുന്ന വിദ്യ ടീച്ചർ അധ്യാപനത്തെ ഒരു സേവനദൗത്യമായി കൂടി കാണുന്നു. ഓരോ അധ്യയന വർഷവും ആവശ്യക്കാരായ കുട്ടികൾക്ക് പുസ്തകങ്ങൾ, കുട, ബാഗ് തുടങ്ങിയവയ്ക്ക് പുറമെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഓണക്കോടിയും സ്വന്തം പ്രയത്നത്തിലൂടെ വാങ്ങിനൽകുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും അർഹരായ വിദ്യാർത്ഥികൾക്കായി മാറ്റിവെക്കുന്നതും പതിവാണ്.

സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവർക്കായി.

മറ്റുള്ളവരുടെ ജീവിതത്തിൽ ആശ്വാസമാകാനുള്ള ഈ മനസ്സ് രൂപപ്പെട്ടത് സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നുകൂടിയാണ്. ഭിന്നശേഷിക്കാരിയായ മകൾ ശിവന്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കുടുംബം കടന്നുപോകുന്ന പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് വിദ്യ ടീച്ചർ പിന്നോട്ടുപോയില്ല.

സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണാനും അവർക്കൊപ്പം നിൽക്കാനും കഴിയുന്ന മനസ്സാണ് ടീച്ചറുടെ സേവനപ്രവർത്തനങ്ങൾക്ക് കരുത്തായത്. ഈ യാത്രയിൽ താങ്ങും തണലുമായി ഒരു നിഴൽ പോലെ ഭർത്താവ് അശോകനുമുണ്ട്. മൂത്ത മകളുടെ അസുഖം കാരണം ഏഴു വർഷത്തെ പ്രവാസ ജീവിതത്തിന് അശോകൻ വിരാമമിട്ടു. രണ്ടര വയസ്സുള്ള കാശ്‌വിയടക്കം രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്.

മഞ്ജു ടീച്ചറുടെ ഓർമ്മയിൽ കുട്ടികൾക്ക് അന്നദാനം.

സഹ അധ്യാപികയും ഏറെ പ്രിയപ്പെട്ട സുഹൃത്തുമായ കാരാക്കോട്ടെ മഞ്ജു ടീച്ചറുടെ ആകസ്മിക വേർപാടും വിദ്യ ടീച്ചർക്ക് വലിയ ആഘാതമായിരുന്നു. രണ്ടുവർഷം പിന്നിട്ടിട്ടും ആ വേർപാടിന്റെ വേദന മായാത്ത ഓർമ്മയായി തുടരുന്നു.

എന്നാൽ ആ സൗഹൃദത്തെ മറ്റൊരു രീതിയിൽ ചേർത്തുപിടിക്കുകയാണ് വിദ്യ ടീച്ചർ. ഓരോ ഓർമ്മദിനത്തിലും മഞ്ജു ടീച്ചറുടെ സ്മരണയ്ക്കായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ അന്നദാനം ഒരുക്കുന്നു. നഷ്ടപ്പെട്ട സൗഹൃദത്തിന്റെ ഓർമ്മയെ കുട്ടികളുടെ സന്തോഷവുമായി ചേർത്തുനിർത്തുന്ന സ്നേഹസ്പർശം കൂടിയാണിത്.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നു.

പതിനഞ്ച് വർഷത്തെ അധ്യാപന ജീവിതത്തിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും വിദ്യ ടീച്ചർ ശ്രദ്ധ ചെലുത്തുന്നു. ഡാൻസ്, പാട്ട്, സ്കിറ്റ്, ചിത്രം വര തുടങ്ങിയവ കുട്ടികൾക്ക് പഠിപ്പിച്ച് അവരുടെ കഴിവുകൾ പുറത്തെടുക്കാനും ആത്മവിശ്വാസം വളർത്താനും ടീച്ചർ ശ്രമിക്കുന്നു.

നാട്ടിൻ പുറങ്ങളിലെ ഉത്സവഘോഷ പരിപാടികളിലും, വനിതാ കൂട്ടായ്മയുടെ കലാപരിപാടികളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും സ്വന്തം പ്രയത്നത്തിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാതെ

പരിശീലിപ്പിക്കുന്നതും വിദ്യ ടീച്ചറുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. അധ്യാപനത്തിനപ്പുറത്തേക്കും തന്റെ കഴിവുകൾ സമൂഹത്തിനായി പങ്കുവെക്കുകയാണ് ടീച്ചർ.

വിദ്യ ടീച്ചറുടെ കഴിവുകൾക്കുള്ള അംഗീകാരമായി ലഭിച്ച ഉപഹാരങ്ങൾ കൊണ്ട് വീട്ടിലെ ഷോകെയ്സ് നിറഞ്ഞിരിക്കുകയാണ്. എന്നാൽ ആ ഷോകേസിലെ പുരസ്കാരങ്ങളേക്കാൾ വിലപ്പെട്ടതായി ടീച്ചർ കാണുന്നത് കുട്ടികളുടെ മുഖത്തെ സന്തോഷവും അവർക്ക് നൽകാൻ കഴിയുന്ന കരുതലുമാണ്.

 പുരസ്കാരങ്ങൾക്കപ്പുറം ഒരു അധ്യാപികയുടെ സ്നേഹം.

വേദനകളുടെ തീച്ചൂളയിലും കാരുണ്യത്തിന്റെ കൈകൾ നീട്ടുന്ന ഈ അധ്യാപികയെ ആദരിക്കാൻ സ്കൂൾ ഒരുക്കിയ ചടങ്ങും ശ്രദ്ധേയമായി. അധ്യാപിക എന്ന നിലയ്ക്കപ്പുറം കുട്ടികൾക്ക് ആശ്രയവും സ്നേഹവും കരുതലും നൽകുന്ന ഒരാളായി വിദ്യ ടീച്ചർ മാറിയതിന്റെ അംഗീകാരമായിരുന്നു ആ ആദരം.

പുരസ്കാരങ്ങൾ ഒരു അധ്യാപികയുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളാകാം. എന്നാൽ ഒരു കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാൻ നൽകിയ ടെലിവിഷനും, ആവശ്യക്കാരന്റെ കൈയിലെത്തിയ പുസ്തകവും ബാഗും, ഒരു സുഹൃത്തിന്റെ ഓർമ്മയിൽ കുട്ടികൾക്ക് നൽകിയ ഒരു നേരത്തെ ഭക്ഷണവും-അവയ്ക്ക് നൽകാവുന്ന വില അതിനേക്കാൾ വലുതാണ്.

സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരാതികളില്ലാതെ മറ്റുള്ളവർക്കായി നൽകുക. വിദ്യ ടീച്ചറുടെ ജീവിതം നൽകുന്ന സന്ദേശം അതാണ്.

അധ്യാപനം പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ഒരു കുട്ടിയുടെ ജീവിതത്തിൽ താങ്ങും കരുതലുമാകുന്നതുവരെ അതിന്റെ അർഥം വളരാമെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ അധ്യാപിക.

ലോക അധ്യാപക ദിനത്തിൽ വിദ്യ ടീച്ചറുടെ ജീവിതം മുന്നോട്ടുവയ്ക്കുന്നത് ഒരു വലിയ പാഠമാണ്-അറിവ് പകർന്നുനൽകുന്നതിനൊപ്പം ഒരാളുടെ ജീവിതത്തിൽ വെളിച്ചമാകാനും ഒരു അധ്യാപികയ്ക്ക് കഴിയുമെന്ന വലിയ പാഠം.

What's Your Reaction?

like

dislike

love

funny

angry

sad

wow