കേരളീയ ചുവർചിത്രങ്ങളുടെ വർണ്ണവിസ്മയം; കെ.ആർ.സി. തായന്നൂരിന്റെ ‘വർണ്ണയാത്ര’ സമാപിച്ചു
പൂനെ: പ്രശസ്ത മ്യൂറൽ ചിത്രകാരൻ കെ.ആർ.സി. തായന്നൂരിന്റെ പത്താമത് ഏകാംഗ ചിത്രപ്രദർശനം ‘വർണ്ണയാത്ര’ പൂനെയിലെ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ ആറു ദിവസത്തെ പ്രദർശനത്തിനുശേഷം സമാപിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ തായന്നൂരിൽ അദ്ദേഹം സ്ഥാപിച്ച ആകൃതി സ്കൂൾ ഓഫ് ആർട്സിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ നാലുവരെയായിരുന്നു പ്രദർശനം. 500 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ വിവിധ ക്യാൻവാസുകളിലായി നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കേരളത്തിലെ ക്ഷേത്രഭിത്തികളിൽ കാണുന്ന പരമ്പരാഗത മ്യൂറൽ ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു പ്രദർശനത്തിലെ ഭൂരിഭാഗവും.
രാധാമാധവം, കേരളീയം, ഗീതോപദേശം, അനന്തശയനം തുടങ്ങിയ പരിചിത വിഷയങ്ങൾക്കൊപ്പം ‘അന്ത്യ അത്താഴം’ പോലുള്ള വിഷയങ്ങളും മ്യൂറൽ ശൈലിയിൽ കെ.ആർ.സി. തായന്നൂർ ആവിഷ്കരിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാവങ്ങളിലുള്ള ഗണപതി ചിത്രങ്ങളും രാധാമാധവ ചിത്രങ്ങളും അനന്തശയനം ഉൾപ്പെടെയുള്ള ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. വിവിധ കലാരൂപങ്ങളും പ്രകൃതിയും ആലേഖനം ചെയ്ത ചിത്രങ്ങളും ശ്രദ്ധേയമായി.
ക്ഷേത്രചുമരുകളുടെ പരിമിതമായ വെളിച്ചത്തിൽ മാത്രം കണ്ടുവന്നിരുന്ന കേരളീയ ചുവർചിത്രകലയുടെ സൗന്ദര്യവും വർണ്ണവൈവിധ്യവും വിശാലമായ ദൃശ്യവിരുന്നായി ജനങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ‘വർണ്ണയാത്ര’. പൂനെയിലെ കലാസ്വാദകരിൽനിന്നും മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ലഭിച്ചത്.
ചിത്രകാരനെന്ന നിലയ്ക്ക് പുറമെ ശിൽപി, അഭിനേതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലും കെ.ആർ.സി. തായന്നൂർ ശ്രദ്ധേയനാണ്. നിരവധി ശിൽപങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. തായന്നൂരിൽ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ അർദ്ധകായ പ്രതിമയും ഏറെ ശ്രദ്ധ നേടിയിരുന്നു. 2021ലെ ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ നടന്ന ചടങ്ങിൽ മലയാള ഭാഷാ സാംസ്കാരിക പ്രചാരണസംഘം സാരഥി ടി.വി. ഭാസ്കരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അയോക്കി ഫാബ്രിക്കോൺ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. ഗണേഷ് കുമാർ, സതീഷ് ഭാസ്കർ, റാവു കുൽക്കർണി, ജഗദീഷ് തനാജി കുംഭാർ എന്നിവർ വിശിഷ്ടാതിഥികളായി.
ശിൽപി കാനായി കുഞ്ഞിരാമൻ ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ടാണ് ‘വർണ്ണയാത്ര’യ്ക്ക് തുടക്കമായത്. ക്യൂറേറ്റർ കെ.പി. അനിതകുമാരി ചിത്രപ്രദർശനത്തിന് നേതൃത്വം നൽകി. ചാപ്പയിൽ ബാലകൃഷ്ണൻ സംസാരിച്ചു. ചടങ്ങിൽ രാജൻ നായരെയും കെ.ആർ.സി. തായന്നൂരിനെയും ആദരിച്ചു. ഫൈൻ ആർട്സ് വിദ്യാർഥികൾക്കായി ചിത്രകലാ ക്ലാസുകളും സംഘടിപ്പിച്ചു.
What's Your Reaction?