ജി.യു.പി.എസ്. പൂത്തക്കാലിൽ സ്കൂൾതല സർഗോത്സവവും വയലാർ അനുസ്മരണവും സംഘടിപ്പിച്ചു
മടിക്കൈ: ജി.യു.പി.എസ്. പൂത്തക്കാലിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾതല സർഗോത്സവവും വയലാർ അനുസ്മരണവും സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി യു.പി. വിഭാഗത്തിൽ ഏഴ് മേഖലകളിലും എൽ.പി. വിഭാഗത്തിൽ നാല് മേഖലകളിലുമായി വിവിധ ശിൽപശാലകൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. രമേശൻ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് എം.വി. കുഞ്ഞികൃഷ്ണൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ നാടൻപാട്ടുകൾ ആലപിച്ച് അദ്ദേഹം പരിപാടിക്ക് മിഴിവേകി. സീനിയർ അസിസ്റ്റന്റ് വി. രാജേഷ് സ്വാഗതം ആശംസിച്ചു. എം.പി.ടി.എ. പ്രസിഡന്റ് സരിത തീയർപാലം അധ്യക്ഷത വഹിച്ചു.
തുടർന്ന് കുട്ടികളും പി.ടി.എ. അംഗങ്ങളായ റിജിന, സിനി, സൂര്യ, സരിത എന്നിവരും വയലാറിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചു. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയെ ഗാനങ്ങളിലൂടെ അനുസ്മരിച്ചു.
വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ കെ.വി. ബിന്ദു നന്ദി രേഖപ്പെടുത്തി.
What's Your Reaction?