കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
മംഗളൂരു: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഓണററി ഡോക്ടറേറ്റ് നൽകി മംഗളൂരു യെനെപോയ സർവകലാശാല. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, മാനവികത തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി കഴിഞ്ഞ 60 വർഷമായി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡി.ലിറ്റ് നൽകി ആദരിച്ചത്.
യെനെപോയ സർവകലാശാലയുടെ 16-ാമത് ബിരുദദാന ചടങ്ങിന്റെ ഭാഗമായി ദേരളക്കട്ടയിലെ സർവകലാശാല ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ നേതാവെന്ന നിലയിലും നിരവധി പേരെ പ്രചോദിപ്പിച്ച വ്യക്തിയാണ് കാന്തപുരമെന്ന് ചാൻസലർ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്രനിർമാണം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ നിസ്തുലമാണെന്നും അദ്ദേഹത്തെ ആദരിക്കുന്നതിൽ സർവകലാശാലയ്ക്ക് അഭിമാനമുണ്ടെന്നും ചാൻസലർ വ്യക്തമാക്കി.
വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനും ഉത്തരവാദിത്തബോധവും അനുകമ്പയും സാമൂഹികബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിനും കാന്തപുരം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യനെ സംസ്കരിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ഇസ്‌ലാമിക ആശയത്തിൽനിന്നാണ് പഠനശേഷം വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കാന്തപുരം പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താലാണ് മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സാധിച്ചതെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. ഗംഗാധര സൗമ്യാജി, രജിസ്ട്രാർ ഡോ. അശ്വിനി ദത്ത്, പ്രോ ചാൻസലർമാരായ ഡോ. വിജയകുമാർ, ഡോ. മുഹമ്മദ് ഫർഹാദ് യെനെപോയ, പരീക്ഷാ കൺട്രോളർ ഡോ. ബി.ടി. നന്ദിഷ്, ഇസ്‌ലാമിക് അക്കാദമി ഓഫ് എജ്യുക്കേഷൻ ട്രസ്റ്റി ഡോ. ഹബീബ് റഹ്മാൻ, ജാമിഅ മർകസ് പ്രോ ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ സംസാരിച്ചു.
ബിരുദദാന ചടങ്ങിൽ 6,127 വിദ്യാർഥികൾക്ക് ബിരുദങ്ങൾ നൽകി. 11 സ്വർണമെഡൽ ജേതാക്കളും പി.എച്ച്.ഡി. നേടിയവരും ഉൾപ്പെടെയുള്ളവരാണ് ബിരുദം ഏറ്റുവാങ്ങിയത്. ഡെന്റൽ, മെഡിക്കൽ, നഴ്സിങ്, ഫിസിയോതെറാപ്പി, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്രങ്ങൾ, ആയുർവേദം, ഹോമിയോപ്പതി, ശാസ്ത്രം, കലയും സാമൂഹികശാസ്ത്രവും, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, പ്രകൃതിചികിത്സ, യോഗശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിലെ വിദ്യാർഥികളും ബിരുദം നേടി.
What's Your Reaction?