അൽ ഐനിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
അൽ ഐൻ: യു.എ.ഇയിലെ അൽ ഐനിൽ പൊതുവാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരനായ സ്വദേശി ബാലൻ ദാരുണമായി മരിച്ചു. അറബ് കുടുംബാംഗമായ വലീദ് ഖാലിദ് ആണ് മരിച്ചത്.
പുതിയ അധ്യയന വർഷത്തിനായുള്ള സ്കൂൾ ഒരുക്കങ്ങൾ പൂർത്തിയാക്കി കായിക യൂണിഫോം വാങ്ങാൻ പോകാനിരിക്കെയാണ് കുടുംബത്തെ ഈ ദുരന്തം തേടിയെത്തിയത്.
വീടിന് സമീപത്തെ പാർക്കിൽ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. സമീപത്തെ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ച കൂട്ടുകാരിലൊരാൾ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. ഇത് കളിതമാശയാണെന്ന് കരുതി അടുത്തേക്ക് എത്തിയ വലീദ് വാട്ടർ കൂളറിൽ സ്പർശിച്ച ഉടൻ വൈദ്യുതാഘാതമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഭവം കണ്ട് ഭയന്ന വലീദിന്റെ സഹോദരൻ ഉടൻ മാതാപിതാക്കളെ വിവരമറിയിച്ചു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലും വീടുകൾക്ക് പുറത്തും സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വാട്ടർ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വലീദിന്റെ അപ്രതീക്ഷിത വേർപാടിൽ സ്കൂൾ അധികൃതരും അധ്യാപകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?