രാജപുരം ഓണാഘോഷ ഗാനമേളയ്ക്കിടെ സംഘർഷം; മൂന്ന് എസ്‌ഐമാർക്ക് പരിക്ക്, 12 പേർക്കെതിരെ കേസ്

Aug 27, 2026 - 08:56
 0
രാജപുരം ഓണാഘോഷ ഗാനമേളയ്ക്കിടെ സംഘർഷം; മൂന്ന് എസ്‌ഐമാർക്ക് പരിക്ക്, 12 പേർക്കെതിരെ കേസ്

രാജപുരം: ഓണാഘോഷത്തോടനുബന്ധിച്ച് ചുള്ളിക്കരയിൽ നടന്ന ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്തവരെ പോലീസ് വാഹനത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച സംഘമാണ് പോലീസുകാരെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി ചുള്ളിക്കരയിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ ചുള്ളിക്കര ടൗണിൽ ചിലർ തമ്മിൽ അടിപിടിയുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് ഇടപെട്ടിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റിയതോടെയാണ് ഒരു സംഘം വാഹനം തടഞ്ഞത്.

പോലീസ് വാഹനത്തിന് മുന്നിൽ തടസ്സം സൃഷ്ടിച്ച സംഘം കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പോലീസുകാരെ കൈവിരലുകൾ തിരിച്ചടിച്ചും വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിയും മാന്തിയും തള്ളിയിട്ടും ആക്രമിച്ചതായാണ് പരാതി.

ആക്രമണത്തിൽ രാജപുരം പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ എൻ.പി. അഭിജിത്ത്, വി.കെ. അസീസ്, പവിത്രൻ എന്നിവർക്ക് പരിക്കേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജപുരം പോലീസ് കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow