ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; കീഴടക്കുന്നതിനിടെ കാസർകോട് സ്വദേശിയായ ആർപിഎഫ് എഎസ്‌ഐക്ക് പരിക്ക്

Aug 27, 2026 - 08:14
 0
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; കീഴടക്കുന്നതിനിടെ കാസർകോട് സ്വദേശിയായ ആർപിഎഫ് എഎസ്‌ഐക്ക് പരിക്ക്

തിരൂർ: കോയമ്പത്തൂർ–മംഗലാപുരം ട്രെയിനിൽ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശി ആർപിഎഫിന്റെയും പോലീസിന്റെയും പിടിയിലായി. അസം സ്വദേശിയായ റോയൽ രാജു (30) ആണ് അറസ്റ്റിലായത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശിയായ ആർപിഎഫ് എഎസ്‌ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ടശേഷമാണ് സംഭവം. യുവതിയെ ബലമായി കയറിപ്പിടിച്ച പ്രതി ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് വിവരം. എന്നാൽ യുവതി സമർത്ഥമായി പ്രതിരോധിച്ച് കുതറിമാറി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സഹയാത്രികർ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതർ അലർട്ട് സന്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തിരൂർ സ്റ്റേഷനിൽ എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമാസക്തനായ പ്രതി ആർപിഎഫ് എഎസ്‌ഐ ശശിയുടെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തിരൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്‌എച്ച്‌ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസിനുനേരെയും അക്രമാസക്തമായി പെരുമാറിയ പ്രതിയെ ഒടുവിൽ മൽപ്പിടിത്തത്തിനൊടുവിൽ സാഹസികമായി കീഴടക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ആർപിഎഫ് എഎസ്‌ഐ ശശി മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow