പ്രവാചകസ്നേഹം ഊട്ടിയുറപ്പിച്ച് നബിചര്യകൾ മുറുകെപ്പിടിക്കണം: ഹുസൈൻ ഖാദിമി
മടിക്കൈ: സമ്പന്നതയുടെ സുഖസൗകര്യങ്ങളിൽ വിരാജിക്കുമ്പോഴും പ്രവാചകനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുകയും പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകൾ മുറുകെപ്പിടിക്കുകയും വേണമെന്ന് കയ്യുള്ളകൊച്ചി ബദർ ജുമാ മസ്ജിദ് ഖത്തീബ് ഹുസൈൻ ഖാദിമി തിരൂർ പറഞ്ഞു.
കയ്യുള്ളകൊച്ചി ബദർ ജുമാ മസ്ജിദിന്റെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷവും സ്വലാത്ത് വാർഷികവും ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉത്തമവും ഉൽകൃഷ്ടവുമായ സമൂഹമെന്ന് പരിശുദ്ധ ഗ്രന്ഥം വിശേഷിപ്പിച്ച സമൂഹത്തിൽനിന്ന് നമ്മൾ ഏറെ വ്യതിചലിച്ചുപോയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ ജമാഅത്ത് പ്രസിഡന്റ് സി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. നൗഷാദ് സഖാഫി ആമുഖപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ഷെരീഫ് എഞ്ചിനീയർ, മുണ്ടോട്ട് മുഹിയുദ്ധീൻ മസ്ജിദ് ഇമാം മുനീർ നിസാമി എന്നിവർ ആശംസകൾ നേർന്നു. ഇസ്മായിൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി വി. മജീദ് സ്വാഗതവും എ.സി. ഹാഫിള് നന്ദിയും പറഞ്ഞു.
സ്വലാത്ത് മജ്ലിസിനും കൂട്ടുപ്രാർത്ഥനയ്ക്കും സയ്യിദ് ജലാലുദ്ധീൻ അൽ ഹാദി തങ്ങൾ ആദൂർ നേതൃത്വം നൽകി.
What's Your Reaction?