പുളിങ്ങോം മഖാം ഉറൂസ് നാൾകുറിക്കൽ ചടങ്ങ് നടന്നു
ചെറുപുഴ: ചരിത്രപ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന്റെ നാൾകുറിക്കൽ ചടങ്ങ് നടന്നു. അൽ അസ്ഹർ അറബി കോളേജ് പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഫൈസിയുടെ കാർമികത്വത്തിൽ മഖാം പരിസരത്ത് നടന്ന ചടങ്ങിന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജി, സെക്രട്ടറി ജലീൽ എ.ജി., ട്രഷറർ ടി.വി. സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.
2027 ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയാണ് ഉറൂസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിൽ അബ്ദുന്നാസിർ ഫൈസി ഖിറാഅത്ത് നടത്തി. പ്രാർഥനയ്ക്ക് ഖതീബ് ഹാരിസ് അബ്രാരി നേതൃത്വം നൽകി.
മുൻകാലങ്ങളിൽ ഉറൂസ് നടത്തിപ്പിന് നേതൃത്വം നൽകിയ കമ്പല്ലൂർ, കോട്ടയിൽവീട്ട് കാരണവൻമാർക്കൊപ്പം കാങ്കോൽ, ചപ്പാരപ്പടവ്, പെരുമ്പട്ട തുടങ്ങിയ പ്രദേശങ്ങളിലെ കാരണവൻമാരും ചടങ്ങിൽ പങ്കെടുത്തു. പുളിങ്ങോം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, റെയ്ഞ്ചിലെ ഉസ്താദുമാർ, മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ, പുളിങ്ങോം ശങ്കരനാരായണൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങി നിരവധി വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.
What's Your Reaction?