നീലേശ്വരം-എടത്തോട് റോഡ്: ടെൻഡർ തുറന്നു; നിർമാണം ഉടൻ ആരംഭിക്കും

Oct 15, 2026 - 16:29
Oct 15, 2026 - 16:32
 0
നീലേശ്വരം-എടത്തോട് റോഡ്: ടെൻഡർ തുറന്നു; നിർമാണം ഉടൻ ആരംഭിക്കും

കാഞ്ഞങ്ങാട്: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട നീലേശ്വരം-എടത്തോട് റോഡിന്റെ ശേഷിക്കുന്ന പ്രവൃത്തികൾക്കായുള്ള ടെൻഡർ തുറന്നു. എത്രയും വേഗം കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകി നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.

42.10 കോടി രൂപയ്ക്ക് ടെൻഡർ ചെയ്ത് 2018ൽ കരാറിൽ ഏർപ്പെട്ട് നിർമാണം ആരംഭിച്ച റോഡ്, കരാറുകാരന്റെ അനാസ്ഥയും പ്രവൃത്തിയിലെ മെല്ലെപ്പോക്കും കാരണം 2023ൽ റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥയിൽ കരാർ റദ്ദാക്കിയിരുന്നു. 13.125 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 8.38 കിലോമീറ്ററിൽ മാത്രമാണ് ബി.എം. പ്രവൃത്തി പൂർത്തിയാക്കിയത്. ഇതോടെ പ്രവൃത്തി പുരോഗതി 38 ശതമാനത്തിൽ ഒതുങ്ങി.

തുടർന്നുള്ള പ്രവൃത്തികൾക്കായി 58.93 കോടി രൂപയുടെ പുതുക്കിയ ധനാനുമതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി അനുവദിച്ചിരുന്നു. എന്നാൽ ആദ്യ റീടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. തുടർന്നുള്ള ടെൻഡറിൽ മൂന്ന് കരാറുകാർ പങ്കെടുത്തെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നടപടികൾ പൂർത്തിയാക്കാനായില്ല.

ടെൻഡർ നടപടികൾ വൈകുന്നതിനെത്തുടർന്ന് മണ്ഡലം എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ധനകാര്യവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, 38 ശതമാനം പ്രവൃത്തി പൂർത്തിയായശേഷം കരാർ റദ്ദാക്കിയ നീലേശ്വരം–എടത്തോട് റോഡിനെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കിഫ്ബിക്ക് നിർദേശം നൽകി.

എന്നിട്ടും ടെൻഡർ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 13ന് തിരുവനന്തപുരത്തെ കിഫ്ബി ഓഫീസിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ടെൻഡർ അടിയന്തരമായി തുറന്ന് തുടർനടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി നിർവഹണ ചുമതലയുള്ള കെആർഎഫ്ബിക്ക് കിഫ്ബി നിർദേശം നൽകിയതോടെയാണ് ടെൻഡർ തുറന്നത്.

കരാറുകാരന് ഉടൻ സെലക്ഷൻ നോട്ടീസ് നൽകി നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ ഓഫീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow