കാഞ്ഞങ്ങാട്ട് സംസ്‌കാര സാഹിതിയുടെ സാംസ്‌കാരിക സായാഹ്നം 25ന്

Oct 15, 2026 - 13:47
 0
കാഞ്ഞങ്ങാട്ട് സംസ്‌കാര സാഹിതിയുടെ സാംസ്‌കാരിക സായാഹ്നം 25ന്

കാഞ്ഞങ്ങാട്: കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നം 'ആദരം, സമാദരം' 25ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആലാമിപ്പള്ളി രാജ് റെസിഡൻസി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

തിരുവനന്തപുരം സാഹിതി തീയറ്റേഴ്‌സിന്റെ 'ചൊറിയൻ പുഴു യുദ്ധം' നാടകവും കലാപരിപാടികളും അരങ്ങേറും. കലാമണ്ഡലം സൗമ്യ ബി. കൃഷ്ണയുടെ സോളോ ഡാൻസും പരിപാടിയുടെ ഭാഗമായി നടക്കും.

സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കെ. നീലകണ്ഠൻ, സന്ദീപ് വാര്യർ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ തുടങ്ങിയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എം.വി. പ്രദീപ് കുമാർ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാനും സിനിമാതാരവും സംവിധായകനുമായ ആലപ്പി അഷറഫ്, കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാർ എന്നിവരെയും ജില്ലയിലെ വിവിധ സാംസ്‌കാരിക പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.

ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അനിൽ വാഴുന്നോറോടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ഗംഗാധരൻ കുട്ടമത്ത് സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. സാമ്പത്തിക കമ്മിറ്റി കൺവീനറായി അനിൽ വാഴുന്നോറോടിയെയും പ്രചാരണ കമ്മിറ്റി കൺവീനറായി അഡ്വ. ഗംഗാധരൻ കുട്ടമത്തിനെയും സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനറായി ഡോ. ദിവ്യയെയും മീഡിയ സെൽ കൺവീനറായി ബാബു മാസ്റ്ററെയും തെരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow