ഉദിനൂരിലെ വീട്ടിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി; 57കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഉദിനൂർ മാച്ചിക്കാട്ടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറര കിലോ കഞ്ചാവ് ഹോസ്ദുർഗ്ഗ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊക്കാക്കടവ് സ്വദേശി ടി.ആർ. മണി (57) അറസ്റ്റിലായി.
രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി ഒമ്പതോടെ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലിനെ തുടർന്നാണ് മണിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പിടിയിലായ മണിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് നാട്ടിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടോയെന്നും എക്സൈസ് അന്വേഷണം തുടരുകയാണ്.
ഇ.ഐ. ആന്റി ഐ.ബി കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.വി. മുരളി, പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് എം.വി. സുമോദ് കുമാർ, ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എം. ശ്യാംജിത്ത്, ഹോസ്ദുർഗ്ഗ് സ്ട്രൈക്കിംഗ് പാർട്ടിയിലെ പ്രിവന്റീവ് ഓഫീസർമാരായ വി. പ്രശാന്ത് കുമാർ, പി. ശുഭ, ഡ്രൈവർ സുധീർകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
What's Your Reaction?