ട്രെയിൻ യാത്രയ്ക്കിടെ പുഴയിൽ വീണ് ബദിയടുക്ക സ്വദേശിയെ കാണാതായി
കാസർകോട്: കാസർകോട് ബദിയടുക്ക സ്വദേശിയായ യുവാവ് ട്രെയിൻ യാത്രയ്ക്കിടെ പുഴയിൽ വീണ് കാണാതായി. ബദിയടുക്ക പെട്രോൾ പമ്പിന് സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകൻ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂർ ചാലക്കുടിപ്പുഴയിൽ വീണത്. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ഇയാൾ പുഴയിൽ വീണതെന്നാണ് വിവരം. അങ്കമാലി കരയാംപറമ്പിലെ ഇന്ത്യൻ മൾട്ടിപ്പിൾ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ചിൽ സെക്ഷൻ ഓഫീസറായാണ് അച്യുതാനന്ദ ഷേണായി ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ ഓഫീസിൽ എത്തിയ ശേഷം പുറത്തേക്ക് പോയതായാണ് സഹപ്രവർത്തകർ പറയുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തത് വേണാട് എക്സ്പ്രസ്സിലെ ഒരു യാത്രക്കാരനായിരുന്നു. അച്യുതാനന്ദ ഷേണായി ഫോൺ സീറ്റിൽ വച്ച് വാതിലിനരികിലേക്ക് പോയതായും പിന്നീട് കാണാതായതായും ഇയാൾ അറിയിച്ചു. അതേസമയം, റെയിൽവേ ട്രാക്കിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ട്രെയിനിൽ നിന്നൊരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടതായും പറയുന്നു. ഇതിനെ തുടർന്ന് തൊഴിലാളികൾ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സ്കൂബ ടീവും ഡിങ്കി ബോട്ടും ഉപയോഗിച്ച് രാത്രി വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ തൃശൂരിലേക്ക് പോയിട്ടുണ്ട്. രമാ ഷേണായിയാണ് അച്യുതാനന്ദ ഷേണായിയുടെ മാതാവ്. ഭാര്യ: അനുഷ്ക. സഹോദരി: ഗായത്രി. മാതാവും ഭാര്യയും അച്യുതാനന്ദ ഷേണായിക്കൊപ്പം തൃശൂരിലാണ് താമസം. കാസർകോട് നീർച്ചാലിൽ പുതുതായി പണിത വീട് അടച്ചിട്ട നിലയിലാണ്.
What's Your Reaction?