നാടൻപാട്ട് കലാകാരൻ സജിത്ത് അച്ചാംതുരുത്തിക്ക് കാവാലം നാരായണ പണിക്കർ പുരസ്കാരം
നീലേശ്വരം: നാടൻപാട്ട് കലാകാരനും ഗവേഷകനുമായ സജിത്ത് അച്ചാംതുരുത്തിക്ക് തിരുവനന്തപുരം സമഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണ പണിക്കർ പുരസ്കാരം. നാടൻപാട്ട്, നാടൻകലാ രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
25 വർഷത്തിലേറെയായി വിവിധ കലാരംഗങ്ങളിൽ സജീവമായ സജിത്ത്, നാടൻപാട്ട് മേഖലയിൽ അന്വേഷകൻ, പ്രചാരകൻ, പ്രയോക്താവ് എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നാടൻപാട്ട് രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2025-ൽ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന 'കേരളം പാടുന്നു ദേശത്തിനായി' എന്ന ദേശീയോദ്ഗ്രഥന പരിപാടിയിലൂടെ ലോക റെക്കോർഡ് നേട്ടവും സ്വന്തമാക്കി.
നിരവധി ക്യാമ്പസുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും നാടൻപാട്ട്, തിയേറ്റർ ശിൽപശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കുട്ടികളുടെ വിവിധ കലാജാഥകളുടെ ആവിഷ്കാരത്തിലും അവതരണത്തിലും സജീവമായി പ്രവർത്തിക്കുന്നു. മലബാറിലെ തെയ്യം-തോറ്റം പാട്ടുകളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തിവരികയാണ്. യുഎഇയിലെ കലാ-സാംസ്കാരിക സംഘടനയായ സമന്വയ സംഘടിപ്പിച്ച ഫോക്ക്ലോർ ഫെസ്റ്റിന്റെ മുഖ്യ സംഘാടകനുമായിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ സബ് ജില്ലാ, ജില്ലാ സ്കൂൾ കലോത്സവങ്ങൾ, കേരളോത്സവങ്ങൾ, സി.ബി.എസ്.ഇ കലോത്സവങ്ങൾ, ലൈബ്രറി കൗൺസിൽ കലോത്സവങ്ങൾ, കാലിക്കറ്റ് സർവകലാശാലാ സോണൽ കലോത്സവങ്ങൾ, കേരള ആരോഗ്യ സർവകലാശാലാ കലോത്സവം, കുടുംബശ്രീ കലോത്സവം, യുവജനക്ഷേമ ബോർഡിന്റെ മണിനാദം ജില്ലാ നാടൻപാട്ട് മത്സരങ്ങൾ, ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ തുടങ്ങിയവയിൽ വിധികർത്താവായും പ്രവർത്തിച്ചുവരുന്നു.
നാടൻപാട്ടിന്റെ പ്രചാരണത്തിനും പാരമ്പര്യ കലാരൂപങ്ങളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും നൽകിയ ദീർഘകാല സംഭാവനകൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.
What's Your Reaction?