തെരുവുനായ ആക്രമണം; നിയന്ത്രണത്തിന് നിയമതടസ്സമെന്ന് പഞ്ചായത്ത്

Jul 10, 2026 - 06:53
 0
തെരുവുനായ ആക്രമണം; നിയന്ത്രണത്തിന് നിയമതടസ്സമെന്ന് പഞ്ചായത്ത്

അമ്പലത്തറ: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ നിലവിലുള്ള എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങൾ കാരണം പഞ്ചായത്തിന് നിയമപരമായി പരിമിതമായ ഇടപെടലുകൾ മാത്രമേ സാധ്യമാകുന്നുള്ളുവെന്ന് പുല്ലൂർ–പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപ ദിവസങ്ങളിൽ തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം.

ഗ്രാമസഭകളിൽ തെരുവുനായ ശല്യം സംബന്ധിച്ച പരാതികൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ വളർത്തുനായകൾക്ക് നിർബന്ധമായും വാക്സിനേഷൻ നൽകുകയും ലൈസൻസ് എടുക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് തുടർച്ചയായി നിർദേശിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

കാസർകോട് ജില്ലയിൽ നിലവിൽ മുളിയാർ പഞ്ചായത്തിൽ മാത്രമാണ് എ.ബി.സി. പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തെരുവുനായകളെ ഘട്ടംഘട്ടമായി വന്ധ്യംകരിച്ച് തിരികെ വിടുന്നതിലൂടെ അവയുടെ ജനനനിരക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്നും ഓരോ വർഷവും പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. പേവിഷബാധ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാക്സിനേഷനും നടത്തിവരുന്നുണ്ടെന്നും അറിയിച്ചു.

എന്നാൽ പഞ്ചായത്തിന്റെ പരിമിതമായ സാമ്പത്തിക സാഹചര്യം കാരണം തെരുവുനായകൾക്കായി ഷെൽട്ടർ ഹോമുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ ഭക്ഷ്യാവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നതും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതും പിന്നീട് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ അവ അക്രമാസക്തമാകാൻ കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ അഭ്യർഥിച്ചു. വളർത്താനായി വാങ്ങുന്ന നായകളെ പിന്നീട് ഉപേക്ഷിക്കുന്ന പ്രവണതയും തെരുവുനായകളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും ഡോ. സി.കെ. സബിത ചൂണ്ടിക്കാട്ടി.

അമ്പലത്തറ പ്രദേശത്ത് അടുത്തിടെ തെരുവുനായ ശല്യം മൂലമുണ്ടായ നിരവധി സംഭവങ്ങൾ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പാറപ്പള്ളിയിലെ കെ. ഷംസീറിന്റെ ഓട്ടോറിക്ഷയുടെ പുതുതായി ഘടിപ്പിച്ച സീറ്റ് തെരുവുനായകൾ കടിച്ചുകീറി നശിപ്പിച്ചതിനെ തുടർന്ന് ഏകദേശം 6,000 രൂപയുടെ നഷ്ടമുണ്ടായി. രണ്ട് മാസം മുമ്പ് അമ്പലത്തറയിലെ ഒരു കോഴി ഫാമിൽ കടന്നുകയറിയ തെരുവുനായകൾ 250-ഓളം കോഴികളെ കടിച്ചുകൊന്നിരുന്നു. സെൻസസ് ജോലിക്കിടെ ഒരു അധ്യാപകനും നായയുടെ കടിയേറ്റിരുന്നു. വിദ്യാർഥികൾ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുമ്പോഴും തെരുവുനായ ശല്യം കാരണം ഭീതിയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow