തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മൊബൈൽ കവർന്നു; മൂന്ന് പ്രതികൾ പിടിയിൽ

Jul 9, 2026 - 20:46
 0
തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മൊബൈൽ കവർന്നു; മൂന്ന് പ്രതികൾ പിടിയിൽ

മേൽപ്പറമ്പ്: ജോലിയുണ്ടെന്ന് പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ കവർന്ന കേസിൽ മൂന്ന് പേരെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

മൊഗ്രാൽ പുത്തൂർ മജൽ സ്വദേശികളായ ഉബൈദുള്ള ഇജാസ് (25), മുഹമ്മദ് ഫർഹാൻ (21), ചൗക്കി സ്വദേശി അഹമ്മദ് മുഹമ്മദ് (40) എന്നിവരാണ് അറസ്റ്റിലായത്. മേൽപ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ചെർക്കള ഇന്ദിരാനഗറിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി രാമൻ ബർമ്മാൻ (33) ആണ് പരാതിക്കാരൻ. ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതികൾ ഇയാളെ ചട്ടഞ്ചാൽ ഫ്ലൈഓവർ അവസാനിക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് ബുധനാഴ്ച രാത്രി 8.30ഓടെ ഏകദേശം 16,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവം തടയാൻ ശ്രമിച്ചപ്പോൾ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow