കുരീപ്പുഴ ശ്രീകുമാറിന്റെ സാന്നിധ്യം കലോത്സവ വേദിക്ക് ആവേശമായി

Oct 30, 2026 - 18:25
 0
കുരീപ്പുഴ ശ്രീകുമാറിന്റെ സാന്നിധ്യം കലോത്സവ വേദിക്ക് ആവേശമായി

അമ്പലത്തറ: അഞ്ചുദിവസം നീളുന്ന 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവ വേദിയിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ അപ്രതീക്ഷിതമായി എത്തിയതോടെ സംഘാടകരിലും മത്സരാർഥികളിലും ആവേശമായി.

മലയാളം പദ്യംചൊല്ലൽ മത്സരം നടന്ന സ്കൂൾ ഓഡിറ്റോറിയത്തിലെ രണ്ടാമൂഴം വേദിയിലാണ് കവി യാദൃച്ഛികമായി എത്തിയത്. യു.പി വിഭാഗം പദ്യംചൊല്ലൽ മത്സരം പുരോഗമിക്കുന്നതിനിടെ സദസ്സിലിരുന്ന് കുട്ടികളുടെ പദ്യാലാപനം അദ്ദേഹം ആസ്വദിച്ചു.

പദ്യംചൊല്ലലിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവത്തിന് ആതിഥ്യമരുളുന്ന അമ്പലത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും നാട്ടുകാരും കലോത്സവത്തെ നെഞ്ചേറ്റിയ കാഴ്ചയാണ് കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവ വേദിയിലെ കുട്ടികൾ നാളെയുടെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരും അധ്യാപകരും ചേർന്ന് കുരീപ്പുഴ ശ്രീകുമാറിനെ സ്വീകരിച്ചു.

കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾ 31-ന് ശനിയാഴ്ച നടക്കും. കലോത്സവത്തിന്റെ വരവറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും കലവറ ഘോഷയാത്രയും അന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കും. പാറപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കലോത്സവ നഗരിയിൽ സമാപിക്കും.

നവംബർ 2, 3, 4 തീയതികളിലാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരുകൾ നൽകിയ വേദികളും ഒരുക്കിയിട്ടുണ്ട്. കലോത്സവം വിജയകരമായി നടത്തുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി പൂർത്തിയാക്കിയിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow