ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പുഴയിലേക്കെറിഞ്ഞ കത്തി കണ്ടെടുത്തു

May 19, 2026 - 21:51
 0
ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പുഴയിലേക്കെറിഞ്ഞ കത്തി കണ്ടെടുത്തു

കാസർഗോഡ്: ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. പ്രതികളെ കൂട്ടിക്കൊണ്ടു കർണാടകയിലെ പുത്തൂർ ഇർദെ പുഴയിൽ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെത്തിയത്.

ബദിയടുക്ക പോലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികളായ മയിൽത്തൊട്ടിയിലെ കിരൺ, കറുവത്തടുക്കയിലെ അഖിലേഷ് എന്നിവരെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിൽ വറ്റിവരണ്ട പുഴയിൽ നിന്നാണ് കത്തി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ, കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മാർപ്പിനടുക്ക സ്വദേശിയും കുമ്പടാജെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനുമായ സുരേഷ് (42) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കം പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കുമ്പടാജെ ബാങ്കിന് സമീപത്തുവെച്ചാണ് സുരേഷ് കുത്തേറ്റ് മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ കിരൺ (30), അഖിലേഷ് (25) എന്നിവരെ കാസർഗോഡ് എഎസ്‌പി അച്യുത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കകം പുത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow