76-ാം വയസ്സിലും അക്ഷരങ്ങളെ ചേർത്തുപിടിച്ച് മുണ്ടോട്ടെ കല്യാണിയമ്മ

Jun 29, 2026 - 11:55
 0
76-ാം വയസ്സിലും അക്ഷരങ്ങളെ ചേർത്തുപിടിച്ച് മുണ്ടോട്ടെ കല്യാണിയമ്മ

മടിക്കൈ: പുതുതലമുറയിൽ വായനാശീലം കുറഞ്ഞുവരുന്ന കാലത്ത്, 76-ാം വയസ്സിലും അക്ഷരങ്ങളോട് അതിയായ സ്നേഹം പുലർത്തി മാതൃകയാകുകയാണ് മടിക്കൈ മുണ്ടോട്ടെ എരട്ടുങ്ങാൽ സ്വദേശിനി കല്യാണിയമ്മ.

രാവിലെ പത്രവായനയോടെയാണ് കല്യാണിയമ്മയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. വർഷങ്ങളായി ദിനപത്രങ്ങൾ സൂക്ഷ്മമായി വായിച്ച് ആനുകാലിക സംഭവവികാസങ്ങൾ മനസ്സിലാക്കുന്ന അവർക്ക് സമകാലിക വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കാനും കഴിയും. പത്രങ്ങൾക്കൊപ്പം ഗ്രന്ഥലോകം ഉൾപ്പെടെയുള്ള മാസികകളും അവർ സ്ഥിരമായി വായിച്ചുവരുന്നു.

'വായന വസന്തം-വീട്ടിലേക്കൊരു പുസ്തകം' പദ്ധതിയുടെ ഭാഗമായി മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയൻ സുശീല വീട്ടിലെത്തിച്ച് പുസ്തകങ്ങൾ നൽകിത്തുടങ്ങിയതോടെ വായനയോടുള്ള കല്യാണിയമ്മയുടെ താൽപര്യം കൂടുതൽ ശക്തമായി. ഇതിനകം വിവിധ വിഷയങ്ങളിലുള്ള 50-ഓളം പുസ്തകങ്ങൾ അവർ വായിച്ചുകഴിഞ്ഞു. അവയിൽ പലതും ഒന്നിലധികം തവണ വായിച്ചതാണ്.

ഈ പ്രായത്തിലും കണ്ണടയുടെ സഹായമില്ലാതെ വായിക്കുന്നതാണ് കല്യാണിയമ്മയുടെ മറ്റൊരു പ്രത്യേകത. വായനവാരാചരണത്തിന്റെ ഭാഗമായി മുണ്ടോട്ട് ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തിൽ വീട്ടിലെത്തി മികച്ച വായനക്കാരിക്കുള്ള ആദരവും സമ്മാനിച്ചു.

വീട്ടിലെത്തുന്നവർക്കായി ഒരു പാട്ട് പാടി കേൾപ്പിക്കുന്ന ശീലവും കല്യാണിയമ്മയ്ക്കുണ്ട്. വായനയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി മകൻ കെ. ഗോപാലനും ഭാര്യ ശോഭയും കല്യാണിയമ്മയ്ക്കൊപ്പം എന്നും നിറഞ്ഞുനിൽക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow