കളഞ്ഞുകിട്ടിയ പേഴ്സ് പോലീസിൽ ഏൽപ്പിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി
നീലേശ്വരം: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ ലഭിക്കാൻ വഴിയൊരുക്കി എട്ടാം ക്ലാസ് വിദ്യാർത്ഥി മാതൃകയായി. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും എൻസിസി കേഡറ്റുമായ പാലായിലെ ദ്രുപതിനാണ് ഈ സത്യസന്ധതയുടെ മാതൃക കാട്ടിയത്.
നീലേശ്വരം പരിപ്പുവട വിഭവശാലയ്ക്ക് സമീപത്ത് നിന്നാണ് ദ്രുപതിന് പതിനഞ്ചോളം വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് ലഭിച്ചത്. ഉടൻ തന്നെ പേഴ്സ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഏൽപ്പിക്കുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ പേഴ്സിന്റെ ഉടമ പാലക്കാട് വാണിയംകുളം സ്വദേശിയും നിലവിൽ നീലേശ്വരം കോട്ടപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ബിസിനസുകാരനുമായ കെ. പി. രതീഷ് കുമാറാണെന്ന് കണ്ടെത്തി. തുടർന്ന് ഇൻസ്പെക്ടർ കെ. അജിത, ജനമൈത്രി ഓഫീസർ ഗിരീഷ് കുമാർ പള്ളിക്കൈ എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് പേഴ്സും രേഖകളും ഉടമയ്ക്ക് കൈമാറി.
ദ്രുപതിന്റെ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുപോലെ അഭിനന്ദിച്ചു.
What's Your Reaction?