ഭാര്യയെ കൊന്നുകുഴിച്ചിട്ടു; കുറ്റസമ്മതം നടത്തി രണ്ടാം ഭർത്താവ്.
അഗളി: അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. പുതൂർ പഞ്ചായത്തിലെ ഇലച്ചി വഴി സ്വദേശി വള്ളിയമ്മയെ(45) രണ്ടുമാസം മുമ്പാണ് കാണാതായത്. തുടർന്ന് മക്കൾ പരാതിപ്പെട്ടിരുന്നു. സംശയം തോന്നിയ പോലീസ് ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവ് പഴനിയെ(46) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വനത്തിൽ വിറകും, മരത്തൊലിയും ശേഖരിക്കുന്നതിനിടയിലുണ്ടായ തർക്കത്തിനിടയിൽ വള്ളിയമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടതായും പഴനി പോലീസിനോട് പറഞ്ഞു. ആഞ്ചക്ക കൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റർ ഉൾവനത്തിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതാണ് സംശയിക്കുന്നത്. പോലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് ഫോറൻസിക്, റവന്യൂ അധികൃതരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ പരിശോധന നടത്തും. കുറെ കാലമായി വള്ളിയമ്മ ആഞ്ചക്ക കൊമ്പ് ഉന്നതിയിൽ പഴനിയോടൊപ്പമാണ് താമസിച്ചുവരുന്നത്.
What's Your Reaction?