കാസർകോടിന്റെ ഓർമ്മ ചിഹ്നമായി "അമ്മയും കുഞ്ഞും"
എൻഡോസൾഫാൻ ദുരിതബാധിതരുടെ അനന്തമായ വേദനയും നിശ്ശബ്ദ കണ്ണീരും സ്മാരകമായി ഉയർന്നിരിക്കുന്ന ഈ ശിൽപം, ജില്ലയുടെ സംയുക്ത സ്മൃതിയായി മാറുകയാണ്
കാസർകോട്: ഇരുപത് വർഷത്തെ കാത്തിരിപ്പിന്നൊടുവിൽ ശിൽപി കാനായി കുഞ്ഞിരാമൻ തീർത്ത കാസർകോട്ടെ “അമ്മയും കുഞ്ഞും” ശിൽപം യാഥാർത്ഥ്യമായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അനന്തമായ വേദനയും നിശ്ശബ്ദ കണ്ണീരും സ്മാരകമായി ഉയർന്നിരിക്കുന്ന ഈ ശിൽപം, ജില്ലയുടെ സംയുക്ത സ്മൃതിയായി മാറുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ സാക്ഷാത്കരിച്ച ശിൽപത്തിൽ, അനന്തതയിലേക്ക് നോക്കി നിൽക്കുന്ന അമ്മയും അവളുടെ കൈയ്യിലെ കുഞ്ഞും മനുഷ്യവേദനയുടെ ഗഹനതയെ സ്പർശിക്കുന്ന രീതിയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സിമന്റ്, ഇഷ്ടിക, മണൽ എന്നിവ ചേർത്ത് 40 അടി ഉയരത്തിലാണ് ഈ മഹത്തായ കലാ ശിൽപം സൃഷ്ടിച്ചിട്ടുള്ളത്.
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അമ്മയും കുഞ്ഞും ശിൽപമുള്ളത്. 2006-ലാണ് ജില്ലാ ആസൂത്രണ സമിതി ശിൽപ്പം നിർമ്മിക്കാനായി 20 ലക്ഷം രൂപയുടെ അനുമതി നൽകിയത്. എന്നാലിപ്പോൾ ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുകയാണ് ശിൽപത്തിന്റെ ചെലവെന്നാണറിവ്. 2009-ൽ പണി പാതിവഴിയിൽ നിലച്ചു. പിന്നീട് പണി തുടങ്ങാനിരിക്കെ കോവിഡ് തടസ്സമായി നിന്നു.
തുറസ്സായ ഇടത്ത് എല്ലാവർക്കും ദൃശ്യമായ രീതിയിൽ ഉയർന്ന ഈ ശിൽപത്തിന് സമീപം പിന്നീട് ഉയർന്നു വന്ന ബഹു നില കെട്ടിടം കാഴ്ചയെ ഭാഗികമായി മങ്ങലേൽപ്പിച്ചുള്ളതായ വിമർശനവും നിലനിൽക്കുന്നു. ഇതിനിടെ, അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നതിനിടയിൽ ശിൽപി അപകടത്തിൽപ്പെട്ടു ആറുമാസത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നതും നിർമാണം വൈകാൻ കാരണമായി.
എന്നിരുന്നാലും, ജന്മനാടിനോടുള്ള അടിയുറച്ച സ്നേഹത്തിന്റെ പ്രതീകമായി ഇത് നിർമിച്ച ശിൽപി യാതൊരു പ്രതിഫലവും സ്വീകരിക്കാതിരുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാസർകോടിന്റെ വേദനയും പ്രതീക്ഷയും ഒരുപോലെ ചേർത്തൊരുക്കിയ ഈ ശിൽപം, ഇനി കാലത്തേക്കുള്ള കാസർകോടിന്റെ ഒരു ഓർമ്മചിഹ്നമായി നിലനിൽക്കും. ഒപ്പം അതുല്യ പ്രതിഭയായ കാനായി കുഞ്ഞിരാമൻ എന്ന ശിൽപിയേയും.
What's Your Reaction?