കെഎസ്ആർടിസി സൗജന്യ യാത്രയുടെ തിരിച്ചടി; കാസർഗോഡ് ജില്ലയിൽ 200 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

Jun 28, 2026 - 08:35
 0
കെഎസ്ആർടിസി സൗജന്യ യാത്രയുടെ തിരിച്ചടി; കാസർഗോഡ് ജില്ലയിൽ 200 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

കാസർഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിത്തുടങ്ങി. ആദ്യഘട്ടത്തിൽ 200 ഓളം ബസുകൾ ജി ഫോം നൽകി സർവീസ് അവസാനിപ്പിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.

ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകൾ പറയുന്നു. ജൂൺ മാസത്തോടെ മൂന്ന് മാസ ടാക്സ് കാലാവധി അവസാനിക്കുന്ന ബസുകളാണ് ജി ഫോം നൽകി സർവീസ് അവസാനിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പകുതിയോളം റോഡിൽ നിന്ന് പിൻവാങ്ങേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

സ്വകാര്യ ബസ് സർവീസ് നഷ്ടത്തിലായതോടെ വർഷങ്ങളായി ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും മറ്റ് തൊഴിലാളികളുടെയും ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

കാഞ്ഞങ്ങാട്–കളനാട്, കാസർഗോഡ്–തലപ്പാടി, മുള്ളേരിയ–കാസർഗോഡ്, നീലേശ്വരം–പയ്യന്നൂർ, ബന്തടുക്ക–കാസർഗോഡ്, പാണത്തൂർ–കാഞ്ഞങ്ങാട്, പുത്തൂർ–കാസർഗോഡ് തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകൾ ഏറ്റവും വലിയ നഷ്ടത്തിൽ സർവീസ് നടത്തുന്നതെന്ന് ബസുടമകൾ പറയുന്നു.

നിലവിൽ കാസർഗോഡ് ജില്ലയിൽ ഏകദേശം 450 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ പകുതിയോളം ബസുകൾ ടാക്സ് കാലാവധി അവസാനിക്കുന്നതോടെ സർവീസ് നിർത്താനുള്ള ഒരുക്കത്തിലാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow