ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി കാസർകോടുകാരി.
കാസർകോട്: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടനെ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും, സുലു ബാനുവിന്റെയും മകളാണ്. 1991 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയാണ്. മൂന്ന് പതിറ്റാണ്ടായി നയതന്ത്രരംഗത്ത് സേവനമനുഷ്ഠിച്ചു വരികയാണ് നഗ്മ. ഇന്ത്യയിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ (സെറിമോണിയൽ) ആയി നിയമിതയായ നഗ്മ1991ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരുന്നത്. പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച നഗ്മ ഇന്ത്യൻ എംബസിയിലും, യൂനസ്കോയിലും ജോലി ചെയ്തിട്ടുണ്ട്. റഷ്യയുമായും, സി ഐ എസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ തായ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. ഐ കെ ഗുജറാൾ പ്രധാനമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?