തൃക്കരിപ്പൂർ ഫുട്‌ബോൾ; പ്രതാപം തിരിച്ചു പിടിക്കാൻ അക്കാദമികളുടെ കൂട്ടായ ശ്രമം
തൃക്കരിപ്പൂർ: ഫുട്‌ബോൾ പ്രതാപം തിരിച്ചു പിടിക്കാൻ അക്കാദമികളുടെ കൂട്ടായ ശ്രമം
ലോകകപ്പ് ഫുട്‌ബോൾ ആവേശം ഉയരുന്ന വേളയിൽ തൃക്കരിപ്പൂരിലെ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം കുട്ടികളുടെ ഫുട്‌ബോൾ സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറു വയസ്സ് മുതൽ മുകളിലോട്ടുള്ള ആണ്-പെൺ കുട്ടികൾ രാവിലെയും വൈകുന്നേരവും നടക്കുന്ന പരിശീലന ക്യാമ്പുകളിൽ എത്തുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
നടക്കാവിലെ സിന്തറ്റിക് സ്റ്റേഡിയത്തിൽ ദിവസേന ഏകദേശം 200ഓളം കുട്ടികളാണ് വിവിധ അക്കാദമികളിലായി ഫുട്‌ബോൾ പരിശീലനം നേടുന്നത്. എസ്.എ.കെ കേരള കാസർകോട്, ടി.എസ്.എ കേരള തൃക്കരിപ്പൂർ, സൂപ്പർ സ്‌ട്രൈക്കേഴ്‌സ് എടാട്ടുമ്മൽ തുടങ്ങിയ അക്കാദമികളിലെ കുട്ടികളും പരിശീലകരുമാണ് സ്ഥിരമായി ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
പരിശീലനത്തിന് നേതൃത്വം നൽകുന്നത് കെ.വി. ഗോപാലൻ, അഹമ്മദ് റാഷിദ്, ഗണേശൻ കെ, പ്രവീൺ കുമാർ, വൈശാഖ് എം, മഹറൂഫ് എം, വിജോഷ് എന്നിവരാണ്. ഇവർക്കൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ എം. സുരേഷ്, മുഹമ്മദ് റാഫി എന്നിവരും സന്തോഷ് ട്രോഫി താരങ്ങളായ നജേഷ് എം, കിരൺകുമാർ, ജെയിൻ, ജ്യോതിഷ് എന്നിവരും യുവതാരമായ ഹേമന്ത് ഉൾപ്പെടെയുള്ളവരും പരിശീലനത്തിനെത്തുന്നു. പുതുതലമുറ താരങ്ങൾക്ക് നിർദേശങ്ങളും പ്രചോദനവും നൽകി ഇവർ ക്യാമ്പിനെ കൂടുതൽ ആവേശകരമാക്കുന്നു.
ഒരുകാലത്ത് ഫുട്‌ബോൾ മികവിൽ ശ്രദ്ധേയമായിരുന്ന തൃക്കരിപ്പൂരിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ അക്കാദമികൾ കഠിന പരിശ്രമത്തിലാണ്. കുട്ടികളിലെ ഫുട്‌ബോൾ താത്പര്യം വളർത്തുന്നതിനും കഴിവുകൾ കണ്ടെത്തി മികവുറ്റ താരങ്ങളെ വളർത്തുന്നതിനുമുള്ള സംയുക്ത ശ്രമമായി ഈ ക്യാമ്പുകൾ മാറിയിരിക്കുകയാണ്.
What's Your Reaction?