"നാളെ മൂന്ന് മണിക്ക് എല്ലാവരും എത്തണം..." ഒടുവിൽ ഷീന പറഞ്ഞ വാക്കുകൾ മാത്രം ബാക്കി
ചീമേനി: "നാളെ വൈകുന്നേരം മൂന്ന് മണിക്ക് വീണ്ടും കാണാം... എല്ലാവരും കൃത്യസമയത്ത് എത്തണം. അപ്പോഴേ പരിശീലനം നന്നായി നടത്താൻ കഴിയൂ..."
സൂമ്പാ ഡാൻസ് പരിശീലനം കഴിഞ്ഞ് കൂട്ടുകാരോട് അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു അത്. പതിവുപോലെ ചിരിച്ചുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് മാത്തിൽ വടശ്ശേരി മുക്കിലെ വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ മടങ്ങിയ ടി.വി. ഷീന (37) പിന്നീട് തിരികെ വന്നില്ല.
മണിക്കൂറുകൾക്കുള്ളിൽ എത്തിയ ആ വാർത്ത ആരും വിശ്വസിക്കാൻ തയ്യാറായില്ല. ചിരിയും സന്തോഷവും നിറഞ്ഞിരുന്ന പരിശീലന വേദിയിൽ നിന്നാണ് ഷീന യാത്രയായത്. എന്നാൽ അതേ രാത്രി, ഒരു വാഹനാപകടത്തിൽ പ്രിയപ്പെട്ട ടീച്ചർ വിടപറഞ്ഞെന്ന വിവരം എല്ലാവരെയും കണ്ണീരിലാഴ്ത്തി.
"അത് സംഭവിച്ചിരിക്കരുതേ..." എന്ന പ്രാർത്ഥനയിലായിരുന്നു സുഹൃത്തുക്കളും ശിഷ്യരുമെല്ലാം. പക്ഷേ, എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്ന സൂമ്പ ഡാൻസ് ടീച്ചർ ഇനി ഓർമ മാത്രമാണെന്ന സത്യം അവർക്ക് അംഗീകരിക്കേണ്ടിവന്നു.
ചീമേനിയിൽ സ്വന്തം ന്യൂട്രീഷൻ സ്ഥാപനം നടത്തി വരികയായിരുന്ന ഷീന, തിരക്കുകൾക്കിടയിലും മറ്റുള്ളവർക്ക് സന്തോഷം പകരുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തി. അതിലൊന്നായിരുന്നു സൂമ്പ ഡാൻസ് പരിശീലനം. ഓണാഘോഷത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 22-ന് അവതരിപ്പിക്കാനിരുന്ന പരിപാടിയുടെ പരിശീലകയായിരുന്നു ഷീന.
പരിപാടിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആ പരിശീലനത്തെക്കുറിച്ച് ഏറെ ശ്രദ്ധയോടെയായിരുന്നു ഷീന. "നാളെ എല്ലാവരും സമയത്ത് എത്തണം" എന്ന് ഓർമ്മിപ്പിച്ചാണ് അവസാനമായി യാത്ര പറഞ്ഞത്. എന്നാൽ അടുത്ത ദിവസം നടക്കേണ്ട പരിശീലനം ഇനി കണ്ണീരിൻ്റെ ഓർമയായി മാറി.
ചൊവ്വാഴ്ച രാത്രി 7.10-ഓടെയാണ് ആലപ്പടമ്പ് കിണർമുക്ക് ട്രാൻസ്ഫോർമറിന് സമീപം അപകടമുണ്ടായത്. ചീമേനി ഭാഗത്ത് നിന്ന് മാത്തിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഷീനയുടെ ഇലക്ട്രിക് സ്കൂട്ടറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഷീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
ഭർത്താവ്: കെ.എ. ബിജു (കെഎസ്ആർടിസി, പയ്യന്നൂർ ഡിപ്പോ). മക്കൾ: ടി.വി. ആർദ്ര, ലക്ഷ്മി. അച്ഛൻ: ഇ.വി. രവീന്ദ്രൻ. അമ്മ: ലളിത. സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന.
What's Your Reaction?