പടന്നക്കാട് അപകടം: സിപിഒ സൂരജിന്റെ രണ്ടാമത്തെ കാലും നഷ്ടമായി; ചികിത്സ തുടരുന്നു
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിൽ ഡ്യൂട്ടിക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിലിക്കോട് സ്വദേശിയായ സൂരജിന്റെ വലതുകാലിന് ഗുരുതരമായ ചതവുകളും രക്തയോട്ട തടസ്സവും ഉണ്ടായിരുന്നതിനാൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇതോടെയാണ് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നത്.
അതേ അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിവിൽ പോലീസ് ഓഫീസറായ ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഒരു കാലിന്റെ ഭാഗം മുറിച്ചുമാറ്റിയ അലോഷ്യസിനെ ഐസിയുവിൽ നിന്ന് സാധാരണ മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജൂൺ 18-ന് പടന്നക്കാട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കായി പോലീസ് ജീപ്പ് നിർത്തിയ ശേഷമാണ് അപകടമുണ്ടായത്. ജീപ്പിന് പിന്നിൽ ഡ്യൂട്ടിയിലായിരുന്ന സൂരജിനെയും അലോഷ്യസിനെയും നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറും പോലീസ് ജീപ്പും തമ്മിൽ കുടുങ്ങിയ ഇരുവർക്കും ഗുരുതര പരിക്കേറ്റു.
ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരായ ഇരുവരും ചികിത്സ തുടരുകയാണ്. ഇവരുടെ ചികിത്സാ ചെലവ് പോലീസ് വെൽഫെയർ ഫണ്ടിൽ നിന്ന് വഹിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് ഫുട്ബോൾ ടീമിലെ സജീവ താരമായിരുന്ന സൂരജിന്റെ അവസ്ഥ സഹപ്രവർത്തകരെയും കായികലോകത്തെയും ഒരുപോലെ വേദനിപ്പിച്ചിരിക്കുകയാണ്.
What's Your Reaction?