പട്ടിയെ വിഴുങ്ങി മരത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് തെരുവുപട്ടിയെ ചുറ്റിപ്പിടിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പിടികൂടി ചാക്കിലാക്കി. ഏകദേശം 15 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെയാണ് മാവിന് മുകളിൽ നിന്ന് പിടികൂടിയത്.
കാഞ്ഞങ്ങാട് ഏഴാം തോട്ടിലെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി മനോജ് ഉപ്പില ക്കൈയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. പുലർച്ചെ പുറത്തുനിന്ന് പട്ടിയുടെ അസാധാരണ ശബ്ദം കേട്ട് മനോജ് പുറത്തിറങ്ങി നോക്കിയപ്പോഴാണ് തെരുവുപട്ടിയെ ചുറ്റിപ്പിടിച്ച നിലയിൽ പെരുമ്പാമ്പിനെ കണ്ടത്.
പട്ടിയെ രക്ഷിക്കാനായി വടിയെടുത്ത് നിലത്തടിച്ചതോടെ പാമ്പ് പിടിവിട്ട് സമീപത്തെ മാവിൽ കയറി നിലയുറപ്പിക്കുകയായിരുന്നു. ഏറെ നേരം താഴെയിറങ്ങാതിരുന്നതിനെ തുടർന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ചാളക്കടവിലെ വിജയനെ അയൽവാസിയായ അജിത് കുമാർ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനപാലകസംഘത്തിന്റെ സഹായത്തോടെ മാവിന് മുകളിൽ നിന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
What's Your Reaction?