റാണിപുരം മാടി വിളിക്കുന്നു; ഇന്നലെ മാത്രം എത്തിയത് 2166 പേർ

May 25, 2026 - 10:35
 0
റാണിപുരം മാടി വിളിക്കുന്നു; ഇന്നലെ മാത്രം എത്തിയത് 2166 പേർ

റാണിപുരം: സ്കൂൾ തുറക്കലിന് മുന്നോടിയായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. ഇന്നലെ മാത്രം 2166 പേരാണ് ട്രെക്കിങ്ങിനായി റാണിപുരത്തെത്തിയത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന സന്ദർശകസംഖ്യയാണിത്.

മലമുകളിലെ കോടമഞ്ഞും ചാറ്റൽമഴയും ശക്തമായതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് കൂടിയത്. പ്രകൃതിഭംഗി ആസ്വദിക്കാനായി കുടുംബങ്ങളോടൊപ്പം ഉൾപ്പെടെ നിരവധി പേരാണ് റാണിപുരത്തെത്തുന്നത്.

എന്നാൽ, വർധിച്ച ജനത്തിരക്ക് പ്രദേശത്ത് ഗതാഗത-പാർക്കിങ് പ്രതിസന്ധിക്കും കാരണമായി. പാർക്കിങ് ഗ്രൗണ്ടിൽ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡരികിൽ നിർത്തേണ്ടിവന്നു. വാഹനത്തിരക്ക് മൂലം കാഞ്ഞങ്ങാട്ടുനിന്ന് എത്തിയ കെ എസ് ആർ ടി സി ബസിന് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് എത്തി തിരിയാൻ സാധിക്കാതെ, ഒരു കിലോമീറ്റർ അകലെയായി യാത്രക്കാരെ ഇറക്കുകയായിരുന്നു.

മൺസൂൺ ടൂറിസം ആരംഭിക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ വരവും വർധിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ‘മഴ നടത്തം’ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നതായി റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow