കൂൺകൃഷിയിൽ ഹൈടെക് വിജയഗാഥ; സച്ചിന് മികച്ച കർഷക പുരസ്കാരം

കൂൺകൃഷിയിൽ പുതുവഴി തീർത്ത യുവകർഷകൻ സച്ചിൻ ജി. പൈക്ക് സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്കാരം. ചിങ്ങം ഒന്നിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പുരസ്കാരം സമ്മാനിക്കും. കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിൻ ബളാൽ പഞ്ചായത്തിലെ ഇടത്തോടാണ് ഹൈടെക് കൂൺകൃഷിയിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നത്

Aug 10, 2026 - 06:00
 0
കൂൺകൃഷിയിൽ ഹൈടെക് വിജയഗാഥ; സച്ചിന് മികച്ച കർഷക പുരസ്കാരം

കാഞ്ഞങ്ങാട്: കൂൺകൃഷിയെ സാധ്യതകളുടെ പുതിയ ലോകമാക്കി മാറ്റിയ യുവകർഷകൻ സച്ചിൻ ജി. പൈക്ക് സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്കാരം. ചിങ്ങം ഒന്നിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പുരസ്കാരം സമ്മാനിക്കും. കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിൻ ബളാൽ പഞ്ചായത്തിലെ ഇടത്തോടാണ് തന്റെ ഹൈടെക് സംരംഭമായ ന്യൂട്രിബഡ്സ് മഷ്റൂം ഫാം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത്.

അഗ്രികൾച്ചറൽ എൻറമോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സച്ചിൻ, പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കൂൺകൃഷിയിലൂടെയാണ് സ്വന്തം ഇടം കണ്ടെത്തിയത്. നിലവിൽ ഫാമിൽ പ്രതിവർഷം ഏകദേശം 30 മെട്രിക് ടൺ കൂൺ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയാണ് വാർഷിക വരുമാനം.

2021-ലാണ് സച്ചിൻ കൂൺകൃഷിയിൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. വിവിധ ഇനം കൂണുകളിൽ ചെറുതോതിൽ പരീക്ഷണം നടത്തിയശേഷം വീട്ടിൽ പ്രവർത്തിച്ചിരുന്ന ചെറിയ യൂണിറ്റിൽ നിന്ന് മുത്തുച്ചിപ്പി കൂണിന്റെയും കൂൺ സ്പോണിന്റെയും വാണിജ്യ ഉത്പാദനത്തിലേക്ക് കടന്നു. ചെറുകിട ഉത്പാദനത്തിലെ വെല്ലുവിളികൾ മറികടക്കുന്നതിനായി നോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ ഉൾപ്പെടെ പ്രത്യേക പരിശീലനവും നേടി.

തുടർന്ന് ബളാൽ കൃഷിഭവന്റെ സഹായത്തോടെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ 1.7 കോടി രൂപ വായ്പ ലഭ്യമാക്കി ഇടത്തോട് പ്രത്യേക വാണിജ്യ കൂൺഫാം ഒരുക്കുകയായിരുന്നു. വെർട്ടിക്കൽ ഫാമിങ്, ബോട്ടിൽ ഹൈടെക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക രീതികളാണ് ഫാമിൽ ഉപയോഗിക്കുന്നത്.

വെള്ള, പിങ്ക്, ഗ്രേ ഓയിസ്റ്റർ കൂൺ, എൽമ് ഓയിസ്റ്റർ, വുഡ് ഇയർ, ഷിറ്റേക്ക്, ലയൺസ് മാൻ, റീഷി തുടങ്ങി നിരവധി ഇനം കൂണുകളാണ് ന്യൂട്രിബഡ്സിൽ ഉത്പാദിപ്പിക്കുന്നത്. കൂൺ ഉത്പാദനത്തിനൊപ്പം സ്പോൺ, ടിഷ്യു കൾച്ചർ, മദർ സ്പോൺ, കൂൺ ബെഡുകൾ എന്നിവയുടെ ഉത്പാദനവും ഇവിടെ നടക്കുന്നു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനപ്പുറം കൂൺകൃഷിയുടെ അറിവ് മറ്റുള്ളവരിലേക്ക് പകരുന്നതിലും സച്ചിൻ ശ്രദ്ധ ചെലുത്തുന്നു. കർഷകർ, വിദ്യാർഥികൾ, ഗ്രാമീണ യുവാക്കൾ എന്നിവർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ച് കൂൺകൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ്. ശാസ്ത്രീയ അറിവും സാങ്കേതികവിദ്യയും സംരംഭകത്വവും കൂട്ടിയിണക്കി കൂൺകൃഷിയെ മികച്ച വരുമാനമാർഗമാക്കി മാറ്റാമെന്ന സന്ദേശം കൂടിയാണ് സച്ചിന്റെ വിജയഗാഥ നൽകുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ വീട്ടിൽ തുടങ്ങിയ സംരംഭം ഇന്ന് സംസ്ഥാനതല അംഗീകാരത്തിലേക്ക് വളർന്നതിന്റെ അഭിമാനത്തിലാണ് സച്ചിനും ന്യൂട്രിബഡ്സ് മഷ്റൂം ഫാമും.

What's Your Reaction?

like

dislike

love

funny

angry

sad

wow