പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്ന് പ്രവർത്തിക്കും; പകരം ഡോക്ടറെ നിയമിച്ചു

Aug 10, 2026 - 05:33
 0
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്ന് പ്രവർത്തിക്കും; പകരം ഡോക്ടറെ നിയമിച്ചു

രാജപുരം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടെന്ന മാധ്യമ വാർത്തകളിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ആരോഗ്യ കേന്ദ്രം പതിവുപോലെ തുടർന്നും തുറന്ന് പ്രവർത്തിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.

സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ഡോ. കെ. രേഖയോട് കളക്ടർ ആവശ്യപ്പെട്ടു. പകരം ഡോക്ടറെ അടിയന്തരമായി നിയമിക്കാനും നിർദ്ദേശം നൽകി.

തുടർന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച മുതൽ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡി.എം.ഒ. വ്യക്തമാക്കി.

പാണത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ശനിയാഴ്ച വരെ പതിവുപോലെ പ്രവർത്തിച്ചിരുന്നു. നിലവിലുണ്ടായിരുന്ന താൽക്കാലിക ഡോക്ടർ രാജിവെച്ചതിനെ തുടർന്ന് പകരം ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നും ഡി.എം.ഒ. അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow