കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ സയൻസ് പാർക്കും കുട്ടികളുടെ പാർക്കും നവീകരണം; 1.05 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു

Jul 2, 2026 - 07:13
 0
കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ സയൻസ് പാർക്കും കുട്ടികളുടെ പാർക്കും നവീകരണം; 1.05 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടം വയലിലെ സയൻസ് പാർക്കും കുട്ടികളുടെ പാർക്കും 1.05 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ നവീകരിക്കാൻ തീരുമാനം. സയൻസ് പാർക്ക് നവീകരണത്തിനായി 75 ലക്ഷം രൂപയും കുട്ടികളുടെ പാർക്ക് നിർമ്മാണത്തിനായി 30 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.

സയൻസ് പാർക്ക് നവീകരണത്തിന്റെ നിർവഹണ ഏജൻസിയായി സി-ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ദേശീയപാതയോരത്ത് കാടുകയറി ഉപയോഗശൂന്യമായിക്കിടക്കുന്ന കുട്ടികളുടെ പാർക്ക് ചെമ്മട്ടം വയൽ സയൻസ് പാർക്കിലേക്ക് മാറ്റി സ്ഥാപിക്കും.

കുടുംബസമേതം എത്തുന്ന കുട്ടികൾക്ക് വിനോദത്തോടൊപ്പം ശാസ്ത്രവിജ്ഞാനവും പകരുന്ന കേന്ദ്രമാക്കി പാർക്കിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ഉപയോഗിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുന്ന ലക്ഷങ്ങളുടെ ശാസ്ത്ര ഉപകരണങ്ങൾ സംരക്ഷിച്ച് വിദ്യാർഥികൾക്കും സ്കൂളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് നവീകരണം.

പാർക്കിന്റെ ബ്രാൻഡിംഗ്, വെബ്സൈറ്റ് രൂപീകരണം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവയും പദ്ധതിയുടെ ഭാഗമാകും. സ്കൂൾ വിദ്യാർഥികൾക്ക് ട്രാഫിക് ബോധവത്കരണം നൽകുന്നതിനായി പ്രത്യേക സൈക്കിൾ ട്രാക്കും ഒരുക്കും.

കൂടാതെ, 10 മിനിറ്റ് ദൈർഘ്യമുള്ള ഓഗ്മെന്റഡ് റിയാലിറ്റി ഷോ, വെർച്വൽ ത്രീഡി പെയിന്റിങ് ചുമർചിത്രങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow