ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; ബേക്കലിൽ അഞ്ച് പോക്സോ കേസുകൾ, മൂന്ന് പേർ അറസ്റ്റിൽ
ബേക്കൽ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബേക്കൽ പൊലീസ് അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ അഞ്ച് പ്രതികളിൽ മൂന്ന് പേരെ വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ കൂട്ടപ്പുന്ന സ്വദേശിയായ നൗഷാദ് (39), പെരുമ്പള സ്വദേശിയായ ശരീഫ് (40), കോട്ടിക്കുളം സ്വദേശിയായ സാലിഖ് (29) എന്നിവരാണ്. നൗഷാദും ശരീഫും ഓട്ടോ ഡ്രൈവർമാരാണ്. സാലിഖ് പച്ചക്കറി കടയിലെ ജീവനക്കാരനാണ്.
പള്ളിക്കര പഞ്ചായത്ത് സ്വദേശിനിയായ 17കാരിയാണ് പീഡനത്തിനിരയായത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും തുടർന്ന് ഇയാളുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ കൂടി പലഘട്ടങ്ങളിലായി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ബേക്കൽ പൊലീസിന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും പരാതി ഉയർന്നതിനെ തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ലൈംഗിക പീഡനത്തിനിരയായതായി സ്ഥിരീകരിച്ചതിനെ തുടർന്ന് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയത്.
ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
What's Your Reaction?