സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് കൂടുതൽ നിയന്ത്രണം; കാസർകോട് ജില്ലയിൽ പുതിയ ഉത്തരവ്
കാസർകോട്: ജില്ലയിലെ റോഡുകളിൽ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടിപ്പർ ലോറികളുടെ സർവീസ് സമയത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജൂൺ 19 മുതൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരെയും ടിപ്പർ ലോറികളുടെ ഗതാഗതത്തിന് നിരോധനം ബാധകമാകുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
കാസർകോട് കലക്ടറേറ്റിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ ടിപ്പർ ലോറികൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനെ തുടർന്ന് അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണ സമയം ദീർഘിപ്പിച്ചത്.
ഇതുവരെ രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും മാത്രമായിരുന്നു നിയന്ത്രണം നിലവിലുണ്ടായിരുന്നത്. എന്നാൽ രാവിലെ എട്ടുമണി മുതൽ തന്നെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് യാത്ര ചെയ്യുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ 3.30ന് ക്ലാസ് അവസാനിപ്പിക്കുന്നതും പരിഗണിച്ചാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.
സ്കൂൾ, കോളേജ് പരിസരങ്ങളിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. ആവശ്യമായിടങ്ങളിൽ സീബ്രാ ക്രോസിംഗുകളും മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി ഒരുക്കും. വിദ്യാർത്ഥികൾ റോഡ് മുറിച്ചുകടക്കുന്ന മേഖലകളിൽ പ്രത്യേക ജാഗ്രത ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും കലക്ടർ വ്യക്തമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള കൂടുതൽ നടപടികൾ ചർച്ച ചെയ്തു.
What's Your Reaction?