ആർടിഒ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; പണവും രേഖകളും പിടികൂടി, ക്രമക്കേടുകൾ കണ്ടെത്തി
കാസർകോട്: ജില്ലയിലെ വിവിധ ആർടിഒ ഓഫീസുകളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പണവും രേഖകളും പിടിച്ചെടുത്തതോടൊപ്പം വിവിധ ക്രമക്കേടുകളും കണ്ടെത്തി.
കാസർകോട് ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് വരാന്തയിലെ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17,150 രൂപ കണ്ടെത്തി. കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് സ്റ്റാഫിന്റെ കൈവശം വാഹന സംബന്ധമായ അപേക്ഷകളും രേഖകളും, ഏജന്റുമാർ സമർപ്പിക്കേണ്ട 24ഓളം സമ്മതപത്രങ്ങളും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.
ജില്ലയിലെ ആർടിഒ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും, പൊതുജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കാതെ ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകൾക്ക് മുൻഗണന നൽകുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാസർകോട് ആർടിഒ ഓഫീസിലെ പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. കാഞ്ഞങ്ങാട്ടെ റെയ്ഡിന് ഇൻസ്പെക്ടർ നാരായണനും വെള്ളരിക്കുണ്ടിലെ പരിശോധനയ്ക്ക് കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽകുമാറും നേതൃത്വം നൽകി.
What's Your Reaction?