കാസർഗോഡ് ഉദുമ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.
അബുദാബി: അബൂദാബി ഉദുമ പഞ്ചായത്ത് കെഎംസിസി ട്രഷററും വ്യാപാരിയുമായ ഉദുമ എരോല്‍ കുന്നുമ്മൽ സ്വദേശി അൻവർ സാദാത്ത് മുക്കുന്നോത്ത് (48) അബൂദാബിയില്‍ മരണപ്പെട്ടു. അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കാസ്കോ ഫാൻസി കട ഉടമയാണ്. പതിവ് പോലെ വൈകുവോളം കടയിൽ സജീവമായിരുന്ന സാദത്ത് രാത്രി കിടന്നുറങ്ങിയ ശേഷം ഇന്നലെ പുലർച്ചെയാണ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഡോക്ടർമാരും പോലീസുമെത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. എല്ലാവരോടും കളിയും തമാശയും പങ്കിടുന്ന സാദത്തിന്റെ അപ്രതീക്ഷിതമായ മരണം സഹപ്രവർത്തകരെയാകെ കണ്ണീരിലാഴ്ത്തി. മൂത്ത മകൾ റിസ് വാനയുടെ വിവാഹ ഒരുക്കങ്ങൾക്കായി അടുത്ത മാസം അവസാനം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു സാദത്ത്. പാക്യാര എരോൽ പാലസിന് സമീപത്തുള്ള വീടിന്റെ ഒരുക്കങ്ങൾ വിവാഹത്തിനായി നടന്നു വരികയാണ്. ആറങ്ങാടി യമീല വില്ലയിൽ കുഞ്ഞബ്ദുള്ളയുടെ മകൻ അഫ്സലുമായുള്ള വിവാഹം ആഗസ്ത് 9നും 10 നുമായി ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് മരണം പിടികൂടിയത്. പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെയും ആയിഷയുടെയും മകനാണ്. പൂച്ചക്കാട്ടെ റൈഹാനയാണ് ഭാര്യ. റിസ് വാന, റിസ, റസ് വ, റഫീഫ എന്നിവർ മക്കളാണ്. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവർ സഹോദരങ്ങളാണ്. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് അബുദാബി കെഎംസിസി പ്രവർത്തകർ അറിയിച്ചു.
What's Your Reaction?