ക്ഷേത്രോത്സവ തിരക്കിനിടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി തമ്പാൻ അറസ്റ്റിൽ
ചീമേനി: ക്ഷേത്രോത്സവത്തിനായി വീട്ടുകാർ പുറത്തുപോയ അവസരം മുതലെടുത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തമ്പാൻ പോലീസ് പിടിയിലായി. കേസിൽ പങ്കുണ്ടെന്ന് കരുതുന്ന രാധാകൃഷ്ണനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ചീമേനി ടൗണിലെ ചേതന റോഡിൽ താമസിക്കുന്ന പ്ലാങ്കു കുഞ്ഞമ്പുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് സ്വർണ വളകളും ഒരു മോതിരവുമാണ് നഷ്ടമായത്.
അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കൾ, വീടിനുള്ളിൽ കണ്ടെടുത്ത കത്തി ഉപയോഗിച്ച് അലമാര പൊളിച്ചാണ് ആഭരണങ്ങൾ കവർന്നത്. സംഭവത്തിനിടെ മോഷ്ടാവിന് പരിക്കേറ്റിരിക്കാമെന്ന സൂചനകളും പോലീസിന് ലഭിച്ചു. മുറിക്കകത്തും വസ്ത്രങ്ങളിലുമായി രക്തക്കറകൾ കണ്ടെത്തിയതാണ് ഇതിന് ആധാരം.
പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കത്തി വീടിന് പുറത്തുനിന്ന് പോലീസ് കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും പോലീസ് നായയുടെ സഹായത്തോടെ പരിശോധന നടത്തുകയും ചെയ്തു.
അതേസമയം, ചീമേനി ക്ഷേത്രത്തിലെ കളിയാട്ടം ആരംഭിക്കും മുമ്പേ തന്നെ തമ്പാനും കൂട്ടാളിയും പ്രദേശത്ത് എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തമ്പാനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന രാധാകൃഷ്ണനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?