ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 19 പേർക്ക് പരിക്ക്
ദുബായ്: ദുബായ് അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഷെയ്ഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപം എമിറേറ്റ്സ് റോഡിലേക്കുള്ള ദിശയിലായിരുന്നു അപകടം.
റോഡിന് നടുവിൽ സാങ്കേതിക തകരാർ മൂലം ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ വന്ന ട്രക്ക് ഡ്രൈവർ വേണ്ടത്ര ശ്രദ്ധ നൽകാത്തതും സുരക്ഷിതമായ അകലം പാലിക്കാത്തതും അപകടത്തിന്റെ ആക്കം കൂട്ടി. പരിക്കേറ്റ 19 പേരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേർക്ക് ഇടത്തരം പരിക്കുകളും ഒൻപത് പേർക്ക് നിസാര പരിക്കുകളുമുണ്ട്. എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിന് നടുവിൽ വാഹനം നിർത്തുന്നവർക്ക് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് 500 ദിർഹം പിഴ ഈടാക്കും. വാഹനം റോഡിൽ തകരാറിലായാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വിശദീകരിച്ചു. ഹാസാർഡ് ലൈറ്റുകൾ തെളിയിക്കുക. സാധ്യമാണെങ്കിൽ റോഡിന് പിന്നിൽ വാണിംഗ് ട്രയാംഗിൾ സ്ഥാപിക്കുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുക.
വാഹനം സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ റോഡിൽ നിന്ന് മാറി നിൽക്കുക. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് യുഎഇയിൽ അപകടങ്ങളുടെ പ്രധാന നാല് കാരണങ്ങളിൽ ഒന്നായി ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 849 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
What's Your Reaction?